ഇന്ത്യയിലെ മികച്ച അഭിനേതാക്കളില്‍ ഒരാളാണ് നീന ഗുപ്ത. പ്രധാനമായും ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം ഇതിനോടകം മൂന്ന് ദേശീയ അവാര്‍ഡും ഒരു ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഏതാനം മലയാള ചിത്രങ്ങളിലും നീന ഗുപ്ത അഭിനയിച്ചിട്ടുണ്ട്.
നജിം കോയ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാളം സീരീസായ 1000 ബേബീസില്‍ നീന ഗുപ്തയും സഞ്ജു ശിവറാമും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സീരീസില്‍ സാറാമ്മ എന്ന കഥാപാത്രമായാണ് നീന ഗുപ്ത എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം നീന മലയാളത്തിലേക്ക് തിരിച്ചു വന്നുവെന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. 1991ല്‍ പുറത്തിറങ്ങിയ വാസ്തുഹാര എന്ന മോഹന്‍ലാല്‍ ചിത്രത്തിലായിരുന്നു നീന മുമ്പ് അഭിനയിച്ചിരുന്നത്.
നീന ഗുപ്തയെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു ശിവറാം. നീന ഗുപ്ത തുടക്കകാലത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അവരുടെ ചെറുപ്പകാലത്ത് സിനിമ വേണ്ട രീതിയില്‍ നീനയെ ഉപയോഗിച്ചില്ലെന്നും സഞ്ജു പറയുന്നു. പണ്ട് കരിയറില്‍ സക്സസ് ആകാതിരുന്നത് നന്നായെന്നും അന്ന് വിജയിച്ചിരുന്നെങ്കില്‍ പഴയ സ്റ്റാര്‍ എന്നായിരിക്കും നീന അറിയപ്പെടുകയെന്ന് അവരോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു
‘തുടക്കകാലത്ത് വളരെ കഷ്ടപ്പെട്ടിട്ടുള്ള അഭിനേതാവാണ് നീന ഗുപ്ത. അവരുടെ ചെറുപ്പകാലത്ത് സിനിമ നീനയെ വേണ്ട രീതിയില്‍ ഉപയോഗിച്ചിട്ടില്ല. പക്ഷെ അവര്‍ സിനിമയില്‍ തന്നെ തന്റെ അവസരത്തിനായി കഷ്ടപ്പെട്ട് കാത്തിരുന്നു.
ഒരിക്കല്‍ ഞാന്‍ മാമിനോട് മാം അന്ന് സക്‌സസ് ഫുള്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷെ മാമിനെ പഴയ സ്റ്റാര്‍ എന്നാകും പറയുക. പക്ഷെ, ഇത് ഇത്രയും കാലം കഴിഞ്ഞിട്ടും ഇപ്പോഴും നിങ്ങള്‍ സ്റ്റാര്‍ ആണ്, എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തവണത്തെ നാഷണല്‍ അവാര്‍ഡ് നീന ഗുപ്തക്കാണ് കിട്ടിയത്. ഇന്നും നീന ഗുപ്ത ഒരു സ്റ്റാര്‍ ആണ്. നല്ല രസമുള്ള ഒരു കരിയര്‍ ഗ്രാഫ് ആണ് അവരുടേത്’, സഞ്ജു ശിവറാം പറഞ്ഞു.