Film News
'പൊലീസായാല്‍ മോഡിഫൈ ചെയ്ത വാഹനങ്ങള്‍ തടയാന്‍ സമ്മതിക്കില്ല, പ്രളയ സമയത്ത് സഹായത്തിന് ഓടിയെത്തിയത് ഇത്തരം വാഹനങ്ങളാണ്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 11, 08:21 am
Wednesday, 11th January 2023, 1:51 pm

നീ കോ ഞാ ചാ, അച്ചായന്‍സ്, മാസ്റ്റര്‍ പീസ്, റോഷാക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സഞ്ജു ശിവറാം. തന്റെ അടുത്ത സുഹൃത്തും നടനുമായ അമിത് ചക്കാലക്കലിനെ കുറിച്ചുള്ള സഞ്ജുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

പൊലീസ് ആയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അങ്ങനെ സംഭവിച്ചാല്‍ അമിത് എന്ത് ചെയ്യുമെന്ന് എനിക്ക് കൃത്യമായി അറിയാം എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. അമിത് പൊലീസായാല്‍ മോഡിഫൈ ചെയ്ത വാഹനങ്ങള്‍ ഒന്നും തടയാന്‍ സമ്മതിക്കില്ലെന്നും, ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നവരെ പിടിച്ച് നിര്‍ത്തി പെറ്റി അടപ്പിക്കുന്ന പരിപാടിയൊക്കെ നിര്‍ത്തിക്കുമെന്നും ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സഞ്ജു പറഞ്ഞു.

‘മോഡിഫൈ ചെയ്ത ഒരു വാഹനവും അമിത് തടയാന്‍ സമ്മതിക്കില്ല. എം.വി.ഡിയ്‌ക്കൊക്കെ എതിരാണ് അമിത്. പ്രളയം വന്ന സമയത്ത് ഏറ്റവും കൂടുതല്‍ സഹായത്തിനു ഓടിയത് മോഡിഫൈ ചെയ്ത വാഹനങ്ങളാണ്. ആര്‍ക്കും യാതൊരു ഉപദ്രവവും ചെയ്യാത്ത ഇത്തരം വാഹനങ്ങള്‍ ഒക്കെ എന്തിനാണ് തടഞ്ഞു നിര്‍ത്തുന്നത്. പൊലീസ് ഫോഴ്സിന് ഒരു ടാര്‍ഗറ്റ് എത്തിക്കാന്‍ വേണ്ടി തൊട്ടടുത്ത് പോകുന്നവനെ പിടിച്ച് പെറ്റി അടപ്പിക്കുന്ന പരിപാടി ഒക്കെ അമിത് നിര്‍ത്തിക്കും,’ സഞ്ജു പറഞ്ഞു.

പൊലീസ് ആയാലും എം.വി.ഡി ആയാലും സത്യത്തില്‍ ഒരുപകരണം മാത്രമാണെന്നാണ് താന്‍ മനസിലാക്കിയിട്ടുള്ളതെന്നാണ് അമിത് ഈ ചോദ്യത്തോട് പ്രതികരിച്ചത്. ‘അവരുടെ മുകളില്‍ കൊടുത്തിരിക്കുന്ന ടാര്‍ഗറ്റ് അച്ചീവ് ചെയ്യുക എന്നുള്ള കാര്യം മാത്രമേ അവര്‍ക്കുള്ളു. ഞാന്‍ ചിന്തിച്ചപ്പോള്‍ ഈ ടാര്‍ഗറ്റ് കൊടുക്കുന്നവരെ കുറിച്ച് നമ്മള്‍ ആരും ചിന്തിക്കുന്നില്ല,’ അമിത് പറഞ്ഞു.

തേരാണ് ഒടുവില്‍ റിലീസ് ചെയ്ത ഇരുവരുടെയും ചിത്രം. എസ്.ജെ. സിനുവിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനുവരി ആറിനാണ് റിലീസ് ചെയ്തത്. കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, ബാബു രാജ്, സ്മിനു സിജോ, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: sanju sivaram talks about modified vehicles