അമേരിക്കക്കെതിരെയുള്ള കളിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് പുതിയ നാഴികകല്ല്; കളത്തിലിറങ്ങിയാൽ ചരിത്രം കുറിക്കാം
Cricket
അമേരിക്കക്കെതിരെയുള്ള കളിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് പുതിയ നാഴികകല്ല്; കളത്തിലിറങ്ങിയാൽ ചരിത്രം കുറിക്കാം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2024, 8:25 am

ഐ.സി.സി ടി-20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ-യു.എസ്.എ ആണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എ യില്‍ ഇതുവരെ തോല്‍വി അറിയാത്ത രണ്ടു ടീമുകള്‍ മുഖാമുഖം എത്തുന്നു എന്ന സവിശേഷതയും ഈ മത്സരത്തിനുണ്ട്.

ആദ്യ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ ഏട്ട് വിക്കറ്റുകള്‍ക്കും പാകിസ്ഥാനെതിരെ ലോ സ്‌കോറിങ് ത്രില്ലറില്‍ ആറ് റണ്‍സിനും പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും അമേരിക്കക്കെതിരെ കളത്തിലിറങ്ങുന്നത്.

മറുഭാഗത്ത് ആദ്യമത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റുകള്‍ക്കും പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ അഞ്ചു റണ്‍സിനും അട്ടിമറിച്ചു കൊണ്ടാണ് അമേരിക്ക മൂന്നാം മത്സരത്തിനൊരുങ്ങുന്നത്.

മത്സരത്തില്‍ ഇന്ത്യയ്ക്കായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് ഇന്ത്യന്‍ പ്ലെയിന്‍ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ലോകകപ്പിനു മുന്നോടിയായി നടന്ന ബംഗ്ലാദേശുമാള്ള സന്നാഹ മത്സരത്തില്‍ ആയിരുന്നു സഞ്ജു കളത്തില്‍ ഇറങ്ങിയത് ആ മത്സരത്തില്‍ ഒരു റണ്‍സ് നേടി കൊണ്ടാണ് താരം മടങ്ങിയത്. ഗ്രാന്‍ഡ് പ്രേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു ഇറങ്ങുകയാണെങ്കില്‍ മലയാളി താരത്തെ കാത്തിരിക്കുന്നത് ഒരു പുതിയ നാഴികക്കല്ലാണ്.

അമേരിക്കക്കെതിരെ രണ്ട് സിക്‌സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്ക് നടന്നു കയറാന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന് സാധിക്കും.

ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്‌സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.

ഈ പട്ടികയില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. 514 സിക്‌സുകളാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

 

Content Highlight: Sanju Samson waiting for a new Milestone in T20