സഞ്ജു കളംനിറഞ്ഞാടിയാൽ കോഹ്‌ലിയുടെ റെക്കോഡ് തകർന്നടിയും; വിരാട് വീഴുമോ?
Cricket
സഞ്ജു കളംനിറഞ്ഞാടിയാൽ കോഹ്‌ലിയുടെ റെക്കോഡ് തകർന്നടിയും; വിരാട് വീഴുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th March 2024, 9:54 pm

2024 ഐ.പി.എല്‍ മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള മത്സരത്തോടുകൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സും കിരീട പോരാട്ടത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ 2024 ഐ.പി.എല്ലില്‍ മലയാളി താരം സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടക്കാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് മലയാളി താരത്തിന്റെ മുന്നിലുള്ളത്.

മൂന്നാം നമ്പറില്‍ 77 ഇന്നിങ്‌സുകളില്‍ നിന്നും 2504 റണ്‍സ് ആണ് സഞ്ജുവിന്റെ അക്കൗണ്ടില്‍ ഉള്ളത്. അതേസമയം മൂന്നാം നമ്പറില്‍ ഇറങ്ങി 93 ഇന്നിങ്‌സില്‍ നിന്നും 2815 റണ്‍സ് ആണ് വിരാട് അടിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഈ സീസണില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി 311 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ കോഹ്ലിയെ മറികടന്ന് മുന്നോട്ടു കുതിക്കാന്‍ സഞ്ജുവിന് സാധിക്കും.

ഈ പട്ടികയില്‍ ഒന്നാമത് ഉള്ളത് ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ താരം സുരേഷ് റെയ്‌നയാണ്. 171 ഇന്നിങ്‌സില്‍ നിന്നും 4934 റണ്‍സാണ് റെയ്‌ന നേടിയത്.

2013ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ നിന്നുമാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ തട്ടകത്തിലെത്തുന്നത്. 2021ലാണ് മലയാളി താരം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്.

ഐ.പി.എല്ലില്‍ 152 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 3888 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.

ഇത്തവണ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപിടി മികച്ച താരങ്ങളുമായാണ് സഞ്ജുവും കൂട്ടരും കിരീട പോരാട്ടത്തിനായി കളത്തിലിറങ്ങുന്നത്. മാര്‍ച്ച് 24ന് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം.

Content Highlight: Sanju samson waiting for a new Milestone in IPL 2024