ക്രിക്കറ്റ് താരം സഞ്ജു സാംസണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. മുണ്ടെടുത്ത് നടന്നു വരുന്ന സഞ്ജുവിന്റെ വീഡിയോയില്‍ ആട് തോമ സിനിമയിലെ ഡയലോഗുകള്‍ ചേര്‍ത്താണ് വീഡിയോ എത്തിയിരിക്കുന്നത്.
പൊളി എഡിറ്റിംഗ് എന്നു പറഞ്ഞുകൊണ്ടാണ് സഞ്ജു വീഡിയോ പങ്കുവെച്ചത്. എഡിറ്റ് ചെയ്തയാള്‍ക്ക് നന്ദിയും പറയുന്നുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിച്ച ആട് തോമ കോടതിയില്‍ ഹാജരാകുന്ന രംഗത്തെ പ്രശസ്ത ഡയലോഗാണ് വീഡിയോയില്‍ കേള്‍ക്കാന്‍ കഴിയുക.
‘എസ്.ഐ സോമശേഖരനെ ഇടിച്ച് പൊട്ടക്കിണറ്റിലിറ്റ പ്രതി ആട് തോമ, ആട് തോമ, ആട് തോമ’ എന്ന ഡയലോഗാണിത്. ഏഴ് സെക്കന്റ് മാത്രമുള്ള വീഡിയോക്ക് താഴെ മലയാളികള്‍ കൂട്ടമായെത്തിയിട്ടുണ്ട്.
മോഹന്‍ലാല്‍ ആരാധകരും സഞ്ജു ആരാധകരും ഒന്നിച്ചെത്തിയാണ് താരത്തെ അഭിനന്ദിക്കുന്നത്. ശ്രീലങ്കന്‍ പര്യടനത്തിന് ഒരുങ്ങുന്ന സഞ്ജുവിന് ആശംസകളും നേരുന്നുണ്ട്. വീഡിയോ കുറച്ചു കൂടി വേണമായിരുന്നെന്നും സ്റ്റൈലായിരിക്കുന്നെന്നുമെല്ലാമാണ് കമന്റുകള്‍.
പൊളി എഡിറ്റിങ്ങ് എന്ന സഞ്ജുവിന്റെ ക്യാപ്ഷന്‍ മറുപടിയായി പൊളി എന്ന വാക്ക് തന്നെയാണ് കമന്റുകളില്‍ അധികവും കടന്നുവരുന്നത്. നേരത്തെ സഞ്ജു മുണ്ടെടുത്തെത്തിയ ചില ഫോട്ടോകളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനായി മികച്ച പ്രകടനാണ് സഞ്ജു കാഴ്ച വെച്ചത്. എന്നാല്‍ ഇന്റര്‍നാഷണല്‍ മാച്ചുകളിലെ താരത്തിന്റെ മോശം പ്രകടനത്തിനെതിരെ വിമര്‍ശനവുമുയരുന്നുണ്ട്. ജൂലൈയില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തോടെ ഈ വിമര്‍ശനങ്ങള്‍ക്ക് സഞ്ജു മറുപടി പറയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.