ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഐ.പി.എല്‍ അവസാന ഘട്ടത്തോടടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇതുവരെ മൂന്ന് ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് ഇതിനോടകം പ്ലേ ഓഫിലേക്ക് മുന്നേറിയത്.
മെയ് 19ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ രാജസ്ഥാന്റെ അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് രാജസ്ഥാന്‍ നേരിടുക. തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ പരാജയപ്പെട്ടതിനുശേഷം വിജയ വഴിയില്‍ തിരിച്ചെത്തിക്കൊണ്ട് രണ്ടാം സ്ഥാനം ഉറപ്പിക്കാനായിരിക്കും സഞ്ജുവും കൂട്ടരും ഈ മത്സരത്തില്‍ ലക്ഷ്യമിടുക.
ബര്‍സപുരില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്. മൂന്ന് സിക്‌സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറാന്‍ സഞ്ജുവിന് സാധിക്കും.
ഇതിനോടകം തന്നെ 270 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 297 സിക്‌സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. 3 സിക്‌സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും രാജസ്ഥാന്‍ നായകന്‍ സാധിക്കും.
ഈ പട്ടികയില്‍ ഒന്നാമതുള്ളത് 507 സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ടി-20യില്‍ 270 മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6694 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്.
ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍
രോഹിത് ശര്‍മ-507
വിരാട് കോഹ്‌ലി-404
എം.എസ് ധോണി-337
സുരേഷ് റെയ്‌ന-325
സൂര്യകുമാര്‍ യാദവ്-312
കെ.എല്‍ രാഹുല്‍-308
സഞ്ജു സാംസണ്‍-297
What’s been your favourite Sanju Samson knock this season? 🔥 pic.twitter.com/T2W5Ob8EAM
— Rajasthan Royals (@rajasthanroyals) May 16, 2024
ഐ.പി.എല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. 13 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധസെഞ്ച്വറികള്‍ അടക്കം 504 റണ്‍സാണ് സഞ്ജു നേടിയത്. തന്റെ ഐ.പി.എല്‍ കരിയറില്‍ ഇത് ആദ്യമായാണ് ഒരു സീസണില്‍ സഞ്ജു 500 റണ്‍സ് എന്ന നാഴികക്കല്ലില്‍ എത്തുന്നത്.
Content Highlight: Sanju Samson need three six to Complete 300 six in T20