ഇതുവരെയില്ലാത്ത പുത്തന്‍ നേട്ടത്തില്‍ വൈസ് ക്യാപ്റ്റന്‍; അടിച്ചുകയറിയത് ധോണി അടക്കിവാഴുന്ന തകര്‍പ്പന്‍ ലിസ്റ്റില്‍
Sports News
ഇതുവരെയില്ലാത്ത പുത്തന്‍ നേട്ടത്തില്‍ വൈസ് ക്യാപ്റ്റന്‍; അടിച്ചുകയറിയത് ധോണി അടക്കിവാഴുന്ന തകര്‍പ്പന്‍ ലിസ്റ്റില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2024, 2:58 pm

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ അവസാന മത്സരത്തിലും വിജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ നാട്ടിലേക്ക് മടങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് ശേഷമായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പ്. ടി-20 ലോകകപ്പ് നേട്ടത്തിന് ശേഷം നടന്ന ആദ്യ ടി-20 പരമ്പര വിജയമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

കഴിഞ്ഞ ദിവസം ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഗില്ലും സംഘവും സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഷെവ്‌റോണ്‍സ് 125ന് പുറത്തായി.

വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 45 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 58 റണ്‍സാണ് താരം നേടിയത്. 128.89എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും സഞ്ജുവായിരുന്നു.

താരത്തിന്റെ കരിയറിലെ രണ്ടാം അന്താരാഷ്ട്ര ടി-20 അര്‍ധ സെഞ്ച്വറി നേട്ടമാണിത്.

ഇതോടെ ഒരു തകര്‍പ്പന്‍ ലിസ്റ്റിലേക്കാണ് സഞ്ജു കാലെടുത്ത് വെച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പറുടെ റോളിലിരിക്കെ ഏറ്റവുമധികം തവണ അന്താരാഷ്ട്ര ടി-20യില്‍ ടീമിന്റെ ടോപ് സ്‌കോററാകുന്ന താരമെന്ന നേട്ടത്തിലേക്കാണ് സഞ്ജു നടന്നുകയറിയത്. ഇതാദ്യമായാണ് വിക്കറ്റ് കീപ്പറായിരിക്കെ ടി-20യില്‍ സഞ്ജു ഇന്ത്യയുടെ ടോപ് സ്‌കോററാകുന്നത്.

വിക്കറ്റ് കീപ്പറായിരിക്കെ ടീമിന്റെ ടോപ് സ്‌കോററാകുന്ന ഇന്ത്യന്‍ താരങ്ങള്‍

എം. എസ് ധോണി – 5 തവണ

റിഷബ് പന്ത് – 4 തവണ

ഇഷാന്‍ കിഷന്‍ – 2 തവണ

കെ.എല്‍. രാഹുല്‍ – 2 തവണ

റോബിന്‍ ഉത്തപ്പ – 2 തവണ

ദിനേഷ് കാര്‍ത്തിക് – ഒരു തവണ

സഞ്ജു സാംസണ്‍ – ഒരു തവണ*

ഇതിന് പുറമെ സിംബാബ്‌വേക്കെതിരെ ടി-20യില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമവും സഞ്ജു തന്റെ പേരിലെഴുതിച്ചേര്‍ത്തു.

ഒരുവേള 40ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സിനെ സഞ്ജുവിന്റെ പ്രകടനമാണ് കരകയറ്റിയത്. റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 65 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യക്ക് തുണയായത്. 12 പന്തില്‍ 26 റണ്‍സ് നേടിയ ശിവം ദുബെയും ഇന്ത്യക്കായി തിളങ്ങി. ഇവരുടെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഷെവ്‌റോണ്‍സിന് തുടക്കത്തിലേ പിഴച്ചു. വെസ്‌ലി മധേവരെയെ ബ്രോണ്‍സ് ഡക്കാക്കി മുകേഷ് കുമാര്‍ മടക്കി. പിന്നാലെയെത്തിയവരില്‍ നാല് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.

32 പന്തില്‍ 34 റണ്‍സ് നേടി ഡിയോണ്‍ മയേഴ്സാണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍. 13 പന്തില്‍ 27 റണ്‍സ് നേടി ഫറാസ് അക്രമും 24 പന്തില്‍ 27 താഡിവനാശെ മരുമാണിയും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

നാല് വിക്കറ്റുകള്‍ നേടിയ മുകേഷ് കുമാര്‍ ആണ് ഷെവ്റോണ്‍സിനെ എറിഞ്ഞു വീഴ്ത്തിയത്. ദുബെ രണ്ട് വിക്കറ്റും അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, തുഷാര്‍ ദേശ്പാണ്ഡേ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായപ്പോള്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

 

Content Highlight: Sanju Samson joins the elite list of top scores as wicketkeeper of India in T20Is