ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; ഐതിഹാസിക നേട്ടത്തില്‍ സഞ്ജു
Sports News
ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍; ഐതിഹാസിക നേട്ടത്തില്‍ സഞ്ജു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2024, 1:27 pm

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ അവസാന മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് ശേഷമായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പ്.

കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഷെവ്റോണ്‍സ് 125ന് പുറത്തായി.

വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 45 പന്തില്‍ നാല് സിക്സറും ഒരു ബൗണ്ടറിയും അടക്കം 58 റണ്‍സാണ് താരം നേടിയത്. 128.89എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം.

ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സഞ്ജു സ്വന്തമാക്കിയിരുന്നു. സിംബാബ്‌വേക്കെതിരെ ടി-20യില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്.

ഒരുവേള 40ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന് ഇന്ത്യന്‍ ഇന്നങ്‌സിനെ സഞ്ജുവിന്റെ പ്രകടനമാണ് കരകയറ്റിയത്. റിയാന്‍ പരാഗിനെ ഒപ്പം കൂട്ടി നാലാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 65 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യക്ക് തുണയായത്.

ഈ ഇന്നിങ്‌സിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തുന്നുണ്ട്.

ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും സഞ്ജു സാംസണ്‍ തന്റെ പേരില്‍ കുറിച്ചിരുന്നു. ടി-20 ഫോര്‍മാറ്റില്‍ 300 സിക്‌സറുകള്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ഷെവ്‌റോണ്‍സിനെതിരെ പറത്തിയ രണ്ടാമത് സിക്‌സറിലൂടെയാണ് സഞ്ജു സിക്‌സറില്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നിലവില്‍ 302 സിക്‌സറുകളാണ് സഞ്ജുവിന്റെ പേരിലുള്ളത്.

ഈ നേട്ടത്തിലെത്തുന്ന ഏഴാമത് മാത്രം ഇന്ത്യന്‍ താരമാണ് സഞ്ജു സാംസണ്‍. രോഹിത് ശര്‍മ (525), വിരാട് കോഹ്ലി (416), എം.എസ്. ധോണി (338), സുരേഷ് റെയ്ന (325), സൂര്യകുമാര്‍ യാദവ് (322), കെ.എല്‍. രാഹുല്‍ (311) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ഇന്ത്യന്‍ ടീമിന് പുറമെ ആഭ്യന്തര തലത്തില്‍ കേരളത്തിനും ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) എന്നീ ടീമുകള്‍ക്കും വേണ്ടിയാണ് സഞ്ജു ടി-20യില്‍ ബാറ്റേന്തിയിട്ടുള്ളത്.

കളിച്ച 276 മത്സരത്തിലെ 263 ഇന്നിങ്സില്‍ നിന്നുമായി 6,791 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. മൂന്ന് സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയുമടങ്ങുന്നതാണ് ഇതുവരെയുള്ള താരത്തിന്റെ ടി-20 കരിയര്‍. 302 സിക്സറിനൊപ്പം 552 ബൗണ്ടറികളും താരം നേടിയിട്ടുണ്ട്.

 

Content highlight: Sanju Samson is the first Indian wicket keeper batter to complete half century against Zimbabwe in T20I