ഒരു മാറ്റവുമില്ല! നാണക്കേടിന്റെ റെക്കോഡിലെത്തുന്ന ആദ്യ താരമായി സഞ്ജു സാംസൺ
Cricket
ഒരു മാറ്റവുമില്ല! നാണക്കേടിന്റെ റെക്കോഡിലെത്തുന്ന ആദ്യ താരമായി സഞ്ജു സാംസൺ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st July 2024, 9:54 am

ഇന്ത്യ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരി ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആയിരുന്നു സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും വിജയം.

മത്സരത്തിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ നിരാശപ്പെടുത്തുകയായിരുന്നു. റൺസ് ഒന്നും നേടാതെയാണ് സഞ്ജു പുറത്തായത്. ലങ്കൻ താരം ചമിന്തു വിക്രമസിംഹേയുടെ പന്തിൽ ഹസരങ്കക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. കഴിഞ്ഞ മത്സരത്തിലും സഞ്ജു പൂജ്യം റൺസിന് പുറത്തായിരുന്നു.

ഈ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു നാണക്കേടിന്റെ റെക്കോഡാണ് സഞ്ജു സ്വന്തമാക്കിയത്. ടി-20യില്‍ മറ്റൊരു രാജ്യത്ത് നടക്കുന്ന മത്സരങ്ങളിൽ മൂന്ന് തവണ പൂജ്യത്തിനു പുറത്താവുന്ന ആദ്യ താരമായി മാറാനാണ് സഞ്ജുവിന് സാധിച്ചത്. 27, 7, 0, 0, 0 എന്നിങ്ങനെയാണ് ശ്രീലങ്കയില്‍ വെച്ച് നടന്ന ടി-20 മത്സരങ്ങളില്‍ സഞ്ജു നേടിയ സ്‌കോറുകള്‍.

അതേസമയം പല്ലേക്കലെ ഇന്റര്‍നാഷനല്‍ സ്റ്റേഡി യത്തിൽ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചൂള്ളൂ. ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആദ്യ പന്തില്‍ തന്നെ അനായാസമായി വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യക്കായി 37 പന്തില്‍ 39 റണ്‍സ് നേടി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 18 പന്തില്‍ 26 റണ്‍സ് നേടി റിയാന്‍ പരാഗും 25 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനമാന് പുറത്തെടുത്തത്.

ലങ്കയ്ക്ക് വേണ്ടി മഹീഷ തീക്ഷണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചമിന്തു, രമേഷ് മെന്‍ഡിസ്, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഇന്ത്യക്ക് വേണ്ടി സൂര്യകുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി മിന്നും പ്രകടമാണ് നടത്തിയത്. ശ്രീലങ്കക്കായി കുശാല്‍ പെരേര 34 പന്തില്‍ 46 റണ്‍സും കുശാല്‍ മെന്‍ഡീസ് 41 പന്തില്‍ 43 റണ്‍സും നേടി നിര്‍ണായകമായി.

ഇനി മൂന്ന് ഏകദിന മത്സരവും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കും. ഓഗസ്റ്റ് രണ്ട് മുതല്‍ ഏഴ് വരെയാണ് പരമ്പര നടക്കുക.

 

Content Highlight: Sanju Samson Create Unwanted Record in T20