ദേ വന്നു ദാ പോയി; നാണക്കേടിന്റെ റെക്കോഡുമായി സഞ്ജു സാംസണ്‍
Cricket
ദേ വന്നു ദാ പോയി; നാണക്കേടിന്റെ റെക്കോഡുമായി സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th January 2024, 8:53 am

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. രണ്ട് സൂപ്പര്‍ ഓവറുകള്‍ വിധിയെഴുതിയ മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. ജയത്തോടെ പരമ്പര 3-0ത്തിന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ റണ്‍സൊന്നും നേടാതെ പുറത്താവുകയായിരുന്നു. ഇന്ത്യന്‍ സ്‌കോര്‍ 24 നില്‍ക്കേയാണ് സഞ്ജു പുറത്തായത്. ഫരീദ് അഹമ്മദിന്റെ പന്തില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജു പുറത്തായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായതിന് പിന്നാലെ ഒരു മോശം റെക്കോഡും മലയാളി താരത്തെ തേടിയെത്തി.

ടി-20യില്‍ ഗോള്‍ഡന്‍ ഡക്ക് ആവുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന മോശം നേട്ടമാണ് സഞ്ജുവിനെ തേടിയെത്തിയത്. ടി-20യില്‍ ആദ്യമായാണ് സഞ്ജു ഗോള്‍ഡന്‍ ഡക്ക് ആവുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ ഡക്ക് ആയത് ഋഷഭ് പന്താണ്. പന്ത് രണ്ടുതവണയാണ് ടി-20യില്‍ റണ്‍സ് ഒന്നും നേടാതെ പുറത്താവുന്നത്.

അതേസമയം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്.

ഇന്ത്യന്‍ ബാറ്റിങ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. 22 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കുന്ന സമയത്ത് ആയിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. നായകന്‍ രോഹിത് ശര്‍മ 69 പന്തില്‍ 121 റണ്‍സും റിങ്കു സിങ് 39 പന്തില്‍ 69 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനും 212 നേടി മത്സരം സമനിലയാവുകയായിരുന്നു. അഫ്ഗാന്‍ ബാറ്റിങ്ങില്‍ ഗുല്‍ബാദിന്‍ നായിബ് 55 റണ്‍സും റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍ എന്നിവര്‍ 50 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ അഫ്ഗാന്‍ മത്സരം സമനിലയില്‍ പിടിക്കുകയായിരുന്നു.

അവസാനം സൂപ്പര്‍ ഓവര്‍ വിധി എഴുതിയ മത്സരത്തില്‍ ഇന്ത്യ പത്ത് റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Sanju samson create a unwanted record.