ഐ.പി.എല്ലില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് സഞ്ജു
Daily News
ഐ.പി.എല്ലില്‍ 1000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട് സഞ്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2016, 7:01 pm

sanju v samson

ന്യൂദല്‍ഹി: ഐ.പി.എല്‍ 9-ാം സീസണില്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഒരു നാഴികക്കല്ല് പിറന്നു. ഐ.പി.എല്ലില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ മലയാളി എന്ന നേട്ടം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. തന്റെ 48-ാം ഐ.പി.എല്‍ മല്‍സരത്തിലാണ് സഞ്ജുവിന്റെ 1000 റണ്‍സ് നേട്ടം. മല്‍സരത്തില്‍ ദല്‍ഹിക്ക് വിജയം സമ്മാനിച്ച സിക്‌സിലൂടെ തന്നെയാണ് ഇരുപത്തിരണ്ടുകാരനായ സഞ്ജു 1000 റണ്‍സ് എന്ന നാലികക്കല്ലും പിന്നിട്ടതെന്നത് കൗതുകമായി.

സണ്‍റൈസേഴ്‌സിനെതിരായ മല്‍സരത്തില്‍ 26 പന്തില്‍ രണ്ട് സിക്‌സിന്റെ അകമ്പടിയോടെ പുറത്താകാതെ 34 റണ്‍സെടുത്ത സഞ്ജു ദല്‍ഹി വിജയത്തില്‍ നിര്‍ണായക റോള്‍ വഹിച്ചു.

അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ നാലു സീസണുകളിലായാണ് സഞ്ജു 1000 റണ്‍സ് എന്ന നേട്ടം പിന്നിട്ടത്. കഴിഞ്ഞ സീസണില്‍ നേടിയ 76 റണ്‍സാണ് ഐ.പി.എലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. 48 മല്‍സരങ്ങളില്‍നിന്ന് 25.74 ശരാശരിയിലാണ് സഞ്ജു 1000 കടന്നത്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 120.52ഉം. ഐപിഎലില്‍ കളിച്ച സീസണിലെല്ലാം 200 റണ്‍സ് പിന്നിട്ടുവെന്ന നേട്ടവും സഞ്ജുവിന് സ്വന്തം.

2013, 14, 15 വര്‍ഷങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു സഞ്ജു. ആദ്യ സീസണില്‍ 11 മല്‍സരങ്ങളില്‍ 206 റണ്‍സ് നേടി വരവറിയിച്ച സഞ്ജുവിനെ തുടര്‍ന്നുള്ള രണ്ട് സീസണുകളിലും രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്തുകയായിരുന്നു.

തൊട്ടടുത്ത വര്‍ഷം 13 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 26.07 ശരാശരിയില്‍ 339 റണ്‍സെടുത്തു. സഞ്ജു ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഐ.പി.എല്‍ സീസണും ഇതുതന്നെ. രണ്ട് അര്‍ധസെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു. 2015ലും രാജസ്ഥാനായി തന്നെ കളത്തിലിറങ്ങിയ സഞ്ജു 14 മല്‍സരങ്ങളില്‍ നിന്ന് 204 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന് രണ്ട് വര്‍ഷത്തെ വിലക്ക് ലഭിച്ചതോടെ ഈ വര്‍ഷത്തെ ലേലത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 10 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 31.87 ശരാശരിയില്‍ 255 റണ്‍സ് നേടിക്കഴിഞ്ഞു. ഒരു അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ 60 റണ്‍സ് നേടിയ സഞ്ജു കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.