രാജസ്ഥാന്റെ ത്രില്ലർ ജയം എല്ലാവരും ആഘോഷിക്കുമ്പോൾ സഞ്ജു മാത്രം വ്യത്യസ്തനായി ; വീഡിയോ
Cricket
രാജസ്ഥാന്റെ ത്രില്ലർ ജയം എല്ലാവരും ആഘോഷിക്കുമ്പോൾ സഞ്ജു മാത്രം വ്യത്യസ്തനായി ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th April 2024, 2:34 pm

2024 ഐ.പി.എല്ലില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റുകള്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ തങ്ങളുടെ ആറാം വിജയം സ്വന്തമാക്കിയിരുന്നു.

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്ലറിന്റെ ഒറ്റയാള്‍ പ്രകടനമാണ് രാജസ്ഥാനെ ജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടി കൊണ്ടായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 178.33 സ്ട്രൈക്ക് റേറ്റില്‍ ഒമ്പത് ഫോറുകളും ആറ് സിക്സുകളുമാണ് താരം നേടിയത്. റിയാന്‍ പരാഗ് 14 പന്തില്‍ 34 റണ്‍സും പവല്‍ 26 റണ്‍സും നേടി നിര്‍ണായകമായി.

ഇപ്പോഴിതാ മത്സരം വിജയിച്ചതിന് ശേഷമുഉള്ള രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ വ്യത്യസ്തമായ പ്രതികരണമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രെദ്ധ നേടുന്നത്. രാജസ്ഥാന്‍ ടീം അംഗങ്ങളെല്ലാം ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്ന് വിജയം ആഘോഷിച്ചപ്പോള്‍ സഞ്ജു മാറിനിന്നുക്കൊണ്ട് ഒരു ചെറുപുഞ്ചിരിയോട് കൂടിയായിരുന്നു വിജയം ആഘോഷിച്ചത്. അവസാന പന്തുവരെ നീണ്ടുനിന്ന ആവേശകരമായ മത്സരത്തില്‍ രാജസ്ഥാന്‍ ത്രില്ലര്‍ വിജയം നേടിയിട്ടും ശാന്തമായ രീതിയില്‍ ആഘോഷിക്കുകയായിരുന്നു രാജസ്ഥാന്‍ നായകന്‍.

അതേസമയം കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള ഫൈനല്‍ മത്സരത്തില്‍ ചെന്നൈ ഞങ്ങളുടെ അഞ്ചാം ഐ.പി.എല്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ നായകന്‍ എം.എസ് ധോണിയും ഇത്തരത്തില്‍ ശാന്തമായി ടീമിന്റെ വിജയം ആഘോഷിച്ചിരുന്നു.

നിലവില്‍ ഏഴു മത്സരങ്ങളില്‍ നിന്നും ആറ് വിജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 22ന് മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: Sanju Samson calm celebration after Rajasthan Royals won against Kolkatha Knight Riders