ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കളിക്കളത്തില്‍ കൂളായ സഞ്ജുവിനെ കലിപ്പായി ആരാധകര്‍ വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രമേ കണ്ടിട്ടുള്ളൂ.
എന്നാല്‍ കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണിന്റെ ദേഷ്യം കണ്ട ആരാധകര്‍ ഒന്നടങ്കം ഞെട്ടിയിരുന്നു. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടെതിരായ മത്സരത്തിലാണ് സഞ്ജു കട്ടക്കലിപ്പായത്.
മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ മികച്ച തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. വിരാട് കോഹ്‌ലിയെ ആദ്യമേ നഷ്ടമായ റോയല്‍ ചലഞ്ചേഴ്‌സ് രജത് പാടിദാറിന്റെയും ഫാഫ് ഡു പ്ലസിസിന്റെയും ഇന്നിങ്‌സില്‍ പതുക്കെ മുന്നോട്ട് കുതിച്ചു.
മത്സരത്തിന്റെ ആറാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയെ തുടരെ തുടരെ ബൗണ്ടറിക്ക് കടത്തിയ രജത് പാടിദാര്‍ രാജസ്ഥാന്‍ ക്യാമ്പില്‍ ഭീതി വിതച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരത്തെ പുറത്താക്കാനുള്ള ഒരു സുവര്‍ണാവസരവും രാജസ്ഥാന് കൈവന്നിരുന്നു.
എന്നാല്‍ കയ്യില്‍ കിട്ടിയ ആ ക്യാച്ച് റിയാന്‍ പരാഗ് താഴെയിടുകയായിരുന്നു. ഇതാണ് സഞ്ജു സാംസണെ ദേഷ്യം പിടിപ്പിച്ചത്. സഞ്ജു ഇത്രത്തോളം കലിപ്പാവാന്‍ മറ്റൊരു കാരണവുമുണ്ടായിരുന്നു.
ഇതിന് മുമ്പ് നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സും തമ്മില്‍ നടന്ന ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ ലഖ്‌നൗ പാടിദാറിന്റെ ക്യാച്ച് ഡ്രോപ് ചെയ്തിരുന്നു. അതിന് എല്‍.എസ്.ജി കൊടുക്കേണ്ടി വന്ന വിലയും വളരെ വലുതായിരുന്നു.
ആ മത്സരത്തില്‍ പാടിദാര്‍ സെഞ്ച്വറി നേടുകയും ബെംഗളൂരു 207 റണ്‍സ് സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ആര്‍.സി.ബി 14 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്.
ഇത് വ്യക്തമായി അറിയാമായിരുന്ന സഞ്ജുവിന്റെ ദേഷ്യത്തോടെയുള്ള നോട്ടത്തില്‍ റിയാന്‍ പരാഗ് അക്ഷരാര്‍ത്ഥത്തില്‍ ദഹിച്ചുപോയിരുന്നു. മത്സരത്തില്‍ 42 പന്തില്‍ നിന്നും താരം 58 റണ്‍സാണ് നേടിയത്. ഒടുവില്‍ അശ്വിന്റെ പന്തില്‍ ബട്‌ലറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
പാടിദാറിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ആര്‍.സി.ബി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ജോസ് ബട്‌ലറിന്റെ അണ്‍ബീറ്റബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ വിജയം നേടുകയും ഫൈനലില്‍ പ്രവേശിക്കുകയുമായിരുന്നു.
സീസണില്‍ മോശം ഫോമിന്റെ പേരിലും അല്‍പം കുരുത്തക്കേടിന്റെ പേരിലും ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടി വന്ന റിയാന്‍ പരാഗിന് ഇതും ഒരു ബ്ലാക് മാര്‍ക്കായി മാറി.
എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി മികച്ച ഫോമിലാണ് റിയാന്‍ പരാഗ് കളിക്കുന്നത്. ഗുവാഹത്തി പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി താരം ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.