Sports News
ഇന്ത്യയിലെ മറ്റേതൊരു ബൗളര്‍ക്കും അവന്‍ ഒരു ഭീഷണിയാകും: സഞ്ജയ് മഞ്ജരേക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 14, 07:05 am
Friday, 14th February 2025, 12:35 pm

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ വിജയിച്ചത്. അഹമ്മദാബാദില്‍ നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 142 റണ്‍സിനായിരുന്നു രോഹിത്തിന്റെയും സംഘത്തിന്റെയും വിജയം. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 214ന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ യുവ പേസര്‍ ഹര്‍ഷിത് റാണയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കര്‍. യുവ താരത്തെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയില്‍ യുവതാരത്തിന് മികച്ച സാധ്യതകള്‍ ഉണ്ടെന്നും ഇലവനില്‍ ഉറപ്പായും ഉണ്ടാകുമെന്നും സഞ്ജയ് പറഞ്ഞു.

Harshit Rana

‘ഹര്‍ഷിത് റാണ, വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അടുത്തിടെ കളിച്ചപ്പോഴെല്ലാം അദ്ദേഹം ഒരു മതിപ്പ് സൃഷ്ടിച്ചു. എനിക്ക് അവന്റെ മനോഭാവം ഇഷ്ടമാണ്. ഈ വ്യക്തി ഇന്ത്യയുടെ വലിയ ബൗളിങ് താരമായി മാറിയാല്‍ ഞാന്‍ അത്ഭുതപ്പെടാനില്ല, കാരണം അവന്‍ ഇപ്പോള്‍ തന്നെ ഒരു വലിയ റേഞ്ചിലാണ് നില്‍ക്കുന്നത്.

നിലവിലെ സീനിയര്‍ ബൗളര്‍ അര്‍ഷ്ദീപ് സിങ് ആയിരിക്കണം. എന്നാലും കുറച്ച് കാലത്തേക്ക് ഇന്ത്യയിലെ മറ്റ് ഏതൊരു ബൗളര്‍ക്കും ഹര്‍ഷിത് ഭീഷണി ഉണ്ടാക്കും. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇല്ലാത്ത മുഹമ്മദ് സിറാജിന് വരെ ഹര്‍ഷിത് ഭീഷണിയാണ്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന മത്സരത്തില്‍ ഒരു മെയ്ഡന്‍ അടക്കം അഞ്ച് ഓവര്‍ എറിഞ്ഞ താരം 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയിരുന്നു. അദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റും രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റുമാണ് ഹര്‍ഷിത് നേടിയത്.

Content Highlight: Sanjay Manjrekar Talking About Harshit Rana