ജയ്പുര്‍ വേണ്ട, അന്ധേരി മതി; കോണ്‍ഗ്രസ് എം.എല്‍.എമാരെ മാറ്റിത്തുടങ്ങി; ശരദ് പവാറിന്റെ വീട്ടില്‍ ബി.ജെ.പി എം.പി; രാവിലെ മുതല്‍ നീക്കങ്ങള്‍ ഇങ്ങനെ
Maharashtra
ജയ്പുര്‍ വേണ്ട, അന്ധേരി മതി; കോണ്‍ഗ്രസ് എം.എല്‍.എമാരെ മാറ്റിത്തുടങ്ങി; ശരദ് പവാറിന്റെ വീട്ടില്‍ ബി.ജെ.പി എം.പി; രാവിലെ മുതല്‍ നീക്കങ്ങള്‍ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2019, 10:03 am

മുംബൈ: മഹാരാഷ്ട്രയില്‍ ഞായറാഴ്ച രാവിലെയും രാഷ്ട്രീയനീക്കങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്പുരിലേക്കു മാറ്റുന്ന തീരുമാനം തത്കാലം മരവിപ്പിച്ചതാണ് ഏറ്റവും പുതിയ നീക്കം. ഇവരെ ഇപ്പോള്‍ അന്ധേരിയിലെ ജെ.ഡബ്ലു മാരിയട്ട് ഹോട്ടലിലേക്കു മാറ്റിത്തുടങ്ങി.

ബി.ജെ.പി എം.പി സഞ്ജയ് കാക്കഡെ രാവിലെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ എന്‍.സി.പിയുടെ പുതിയ നിയമസഭാ കക്ഷി നേതാവും പാര്‍ട്ടി സംസ്ഥാനാധ്യക്ഷനുമായ ജയന്ത് പാട്ടീലും പവാറിന്റെ വീട്ടിലെത്തി.

അതേസമയം ബി.ജെ.പിയോടൊപ്പം ചേര്‍ന്ന എന്‍.സി.പി നേതാവ് അജിത് പവാറും അദ്ദേഹത്തിന്റെ മകന്‍ പാര്‍ഥും സ്വന്തം വീട്ടില്‍ നിന്ന് മുംബൈയിലുള്ള അജിത്തിന്റെ സഹോദരന്‍ ശ്രീനിവാസിന്റെ വീട്ടിലേക്കു മാറി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിനിടെ, മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമെന്ന ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഹരജിയില്‍ ഇന്നു രാവിലെ സുപ്രീംകോടതി വാദം കേള്‍ക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലായിരിക്കും വാദിഭാഗത്തിനു വേണ്ടി ഹാജരാകുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ്. കേസിലെ ഒരു കക്ഷിയായ ബി.ജെ.പി നേതാവ് ആശിഷ് ഷെലാറിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും ഹാജരാകും.

എന്നാല്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തങ്ങള്‍ക്ക് അഭിഭാഷകര്‍ വേണോ എന്ന കാര്യത്തില്‍ ഇതേവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരില്‍ച്ചെന്നു കണ്ടു. ഗവര്‍ണര്‍മാരുടെ സമ്മേളനത്തിനായാണ് അദ്ദേഹം ദല്‍ഹിയില്‍ ചെന്നതെങ്കിലും ഇന്നു രാവിലെ രാഷ്ട്രപതിയെ വീട്ടില്‍ച്ചെന്നു കാണുകയായിരുന്നു.