'എന്റെ രാജ്യമേതെന്ന് ചോദിക്കാന്‍ നിങ്ങള്‍ക്കെന്തവകാശമാണുള്ളത്'?; തന്നെ പാകിസ്ഥാനിയെന്ന് വിളിച്ചയാള്‍ക്ക് മറുപടിയുമായി സാനിയ
Daily News
'എന്റെ രാജ്യമേതെന്ന് ചോദിക്കാന്‍ നിങ്ങള്‍ക്കെന്തവകാശമാണുള്ളത്'?; തന്നെ പാകിസ്ഥാനിയെന്ന് വിളിച്ചയാള്‍ക്ക് മറുപടിയുമായി സാനിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th April 2018, 5:08 pm

ലാഹോര്‍: തന്നെ പാകിസ്ഥാനിയെന്നു വിളിച്ചയാള്‍ക്ക് ട്വിറ്ററില്‍ മറുപടിയുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്തതിനു താഴെയായിരുന്നു സാനിയയെ പാകിസ്ഥാന്‍കാരിയെന്ന് വിളിച്ചത്.

എന്നാല്‍ എന്റെ രാജ്യം ഏതാണെന്ന് പറയാന്‍ നിങ്ങളാരാണെന്നായിരുന്നു സാനിയയുടെ മറുപടി.

” ഇത്തരം വാര്‍ത്തകളിലാണോ നമ്മുടെ രാജ്യം യഥാര്‍ത്ഥത്തില്‍ ലോകത്തിനു മുന്‍പില്‍ അറിയപ്പെടേണ്ടത്. ഈ എട്ടുവയസുകാരിയ്‌ക്കൊപ്പം ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പിന്തുണയില്ലാതെ നില്‍ക്കാന്‍ നമുക്കാകുന്നില്ലെങ്കില്‍ ലോകത്തെ മറ്റൊന്നിനുമൊപ്പവും നമുക്ക് നില്‍ക്കാനാവില്ല”- ഇതായിരുന്നു സാനിയയുടെ ട്വീറ്റ്.

എന്നാല്‍ വിദ്വേഷകരമായിട്ടായിരുന്നു കിച്ചു കണ്ണന്‍ നമോ എന്ന ട്വിറ്റര്‍ യൂസര്‍ സാനിയയുടെ ട്വീറ്റിന് മറുപടി നല്‍കിയത്.


Also Read:  ജമ്മുവിലെ എട്ടുവയസുകാരിയുടെ കൂട്ടബലാത്സംഗം: ഈ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ നിങ്ങളുടെ ഉറക്കം കെടുത്തും


” എല്ലാ ബഹുമാനത്തോടും കൂടി ചോദിക്കട്ടെ… നിങ്ങള്‍ ഏത് രാജ്യത്തെക്കുറിച്ചാണ് പറയുന്നത്. നിങ്ങളെ പാകിസ്ഥാനിലേക്കാണ് വിവാഹം ചെയ്തത്. നിങ്ങള്‍ ഇപ്പോള്‍ ഇന്ത്യാക്കാരിയല്ല. പാക് തീവ്രവാദികള്‍ കൊന്നൊടുക്കിയ നിരപരാധികളെക്കുറിച്ചും നിങ്ങള്‍ നിര്‍ബന്ധമായും ട്വീറ്റ് ചെയ്യണം.”- ഇതായിരുന്നു കിച്ചു കണ്ണന്‍ നമോയുടെ ട്വീറ്റ്.

“ഞാന്‍ ഇന്ത്യക്കാരിയാണ്. അത് എപ്പോഴും അങ്ങിനെ തന്നെ ആയിരിക്കും. എവിടേക്കെങ്കിലും അല്ല വിവാഹം കഴിക്കുന്നത്, ഒരു വ്യക്തിയെ ആണ് വിവാഹം കഴിക്കുന്നത്.ഞാന്‍ ഏത് രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നു പറയാനുള്ള യോഗ്യത നിങ്ങള്‍ക്കില്ല.
ഇന്ത്യയ്ക്ക് വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. ഒരിക്കല്‍ നിങ്ങളും മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുമെന്ന് സാനിയയുടെ മറുപടി ട്വീറ്റില്‍ പറയുന്നു.

അതേസമയം ജമ്മുവിലെ കുത്വാ രസനയില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബം വീടൊഴിഞ്ഞു. കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യമാകെ പടരുന്നതിനിടയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബം വീടൊഴിഞ്ഞിരിക്കുന്നത്.


Also Read: പ്രഭാതഭക്ഷണം വിമാനത്തിനുള്ളില്‍, ഉച്ചഭക്ഷണം ചെന്നൈ എയര്‍പോര്‍ട്ടില്‍; നിരാഹാരം പ്രഖ്യാപിച്ച മോദിയുടെ ഇന്നത്തെ ഭക്ഷണമെനു പുറത്ത് 


മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംഭവ വികാസങ്ങളും ചൂടു പിടിക്കുന്നതിനിടെയാണ് കുടുംബം വീടൊഴിഞ്ഞതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

WATCH THIS VIDEO: