ബീഹാറില്‍ മലയാളി പാസ്റ്റര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് പരാതി
national news
ബീഹാറില്‍ മലയാളി പാസ്റ്റര്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണം; നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2024, 11:21 am

പാട്ന: ബീഹാറില്‍ മലയാളി പാസ്റ്റര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഹിന്ദുത്വ വാദികള്‍ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കോട്ടയം സ്വദേശിയായ പാസ്റ്റര്‍ സി.പി. സണ്ണിയ്ക്ക് നേരെയാണ് സംഘപരിവാര്‍ ആക്രമണമുണ്ടായത്.

മാര്‍ച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രാര്‍ത്ഥനക്കിടയില്‍ പള്ളിയില്‍ അതിക്രമിച്ച് എത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ഒരു മണിക്കൂറോളം മര്‍ദിച്ചുവെന്ന് സി.പി. സണ്ണി മീഡിയ വണ്ണിനോട് പറഞ്ഞു. തന്റെ പങ്കാളിയുടെ മുമ്പില്‍ വെച്ചുകൊണ്ടായിരുന്നു മര്‍ദനമെന്നും സി.പി. സണ്ണി പ്രതികരിച്ചു.

ക്രൂരമായ ശാരീരിക മര്‍ദനമാണ് ഉണ്ടായതെന്ന് പാസ്റ്റര്‍ വ്യക്തമാക്കി. ആക്രമണത്തെ ചോദ്യം ചെയ്ത തന്റെ സുഹൃത്തിനെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം ചര്‍ച്ചയാവുന്നത്.

ജമുവി ഗ്രാമത്തില്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നാട്ടിലെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും സി.പി. സണ്ണി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ട് കാര്യമില്ല എന്നതുകൊണ്ട് അദ്ദേഹം നിയമനടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീഹാറില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുന്നത് സ്ഥിരമാണെന്നും അത് ജനങ്ങളിലേക്ക് എത്തിക്കാനാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Sanghparivar attack on Malayali pastor in Bihar