ഞാൻ വാല്യൂവും സീരിയസ്നസും അറിഞ്ഞ് ചെയ്ത ഏക ചിത്രം ആ ക്രൈം ത്രില്ലറാണ്: സംഗീത
Entertainment
ഞാൻ വാല്യൂവും സീരിയസ്നസും അറിഞ്ഞ് ചെയ്ത ഏക ചിത്രം ആ ക്രൈം ത്രില്ലറാണ്: സംഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 16th November 2024, 8:59 am

തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും സജീവമായിരുന്ന നടിയാണ് സംഗീത. ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീത നേടിയിട്ടുണ്ട്.

ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങി വരികയാണ് താരം. ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലെ ശ്രീബാല എന്ന ടൈറ്റില്‍ വേഷത്തിലാണ് സംഗീത എത്തുന്നത്.

ക്രൈം ഫയൽ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത. കെ. മധുവിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രമായിരുന്നു ക്രൈം ഫയല്‍. ഈ ആക്ഷന്‍ ക്രൈം ത്രില്ലര്‍ സിനിമ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തെ ആസ്പദമാക്കിയായിരുന്നു കഥ പറഞ്ഞത്. സിനിമയില്‍ സിസ്റ്റര്‍ അഭയയായി എത്തിയത് നടി സംഗീതയായിരുന്നു.

തന്റെ കരിയറിൽ ഏറ്റവും സീരിയസായി സമീപിച്ച ചിത്രമാണ് ക്രൈം ഫയലെന്ന് പറയുകയാണ് സംഗീത. താൻ ഏറ്റവും വാല്യൂ നൽകുന്ന സിനിമയാണ് അതെന്നും ബാക്കിയെല്ലാം സിനിമകളും ആ ഒരു ഫ്ലോയിലാണ് താൻ ചെയ്തതെന്നും സംഗീത പറഞ്ഞു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു സംഗീത.

 

‘വാക്കുകളും അർത്ഥങ്ങളും മനസിലാക്കിയാണല്ലോ നമ്മൾ ഓരോ കഥാപാത്രവും അഭിനയിക്കുക. മലയാളമാവുമ്പോൾ അതെന്റെ മാതൃഭാഷയാണ്. എന്നാലും ക്രൈം ഫയലിൽ ഉണ്ടായിരുന്ന ചില വാക്കുകളും അർത്ഥങ്ങളുമെല്ലാം മനസിലാക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു.

സത്യത്തിൽ ആ പടം മാത്രമാണ് ഞാൻ വാല്യൂവും സീരിയസ്നെസുമൊക്കെ അറിഞ്ഞിട്ട് ചെയ്തിട്ടുള്ളൂ. ബാക്കിയെല്ലാം ഞാൻ അങ്ങനെ ഒരു ഫ്ലോയിൽ ചെയ്ത് പോയതാണ്. അതെല്ലാം ആഘോഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ക്രൈം ഫയലിനെ കുറിച്ച് ഞാൻ കുറച്ച് സീരിയസാണ്. കെ. മധു സാർ ഒരു ബ്രില്ല്യന്റ് ഡയറക്ടറാണ്,’സംഗീത പറയുന്നു.

Content Highlight: Sangeetha About Her Role In Crime File Movie