Entertainment
കോവിഡ് സമയത്ത് അയാളുടെ റീലുകള്‍ കണ്ട് ഞാന്‍ ഫാനായി, പിന്നീട് എനിക്ക് കിട്ടേണ്ട വേഷം വരെ ആ നടന്‍ ചെയ്തു: സംഗീത് പ്രതാപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 06, 01:55 pm
Thursday, 6th February 2025, 7:25 pm

വിനീത് ശ്രീനിവാസന്‍ മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് സംഗീത് പ്രതാപ്. പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയത്തിലൂടെയാണ് സംഗീത് അഭിനയലോകത്തേക്ക് കടന്നുവന്നത്. അഭിനയത്തോടൊപ്പം എഡിറ്റിങ് മേഖലയിലും സംഗീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2024ല്‍ പുറത്തിറങ്ങിയ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സംഗീത് സ്വന്തമാക്കി.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലൂടെ കേരളത്തിന് പുറത്തും സംഗീത് പ്രതാപ് ശ്രദ്ധിക്കപ്പെട്ടു. പ്രേമലുവില്‍ തന്റെ കൂടെ അഭിനയിച്ച ശ്യാം മോഹനെപ്പറ്റി സംസാരിക്കുകയാണ് സംഗീത് പ്രതാപ്. സിനിമയിലെത്തുന്നതിന് മുമ്പ് തനിക്ക് ശ്യാമിനെ അറിയാമായിരുന്നെന്ന് സംഗീത് പറഞ്ഞു.

കൊവിഡ് സമയത്ത് താന്‍ കണ്ട റീലുകളില്‍ കൂടുതലും ശ്യാമിന്റെ ചവര്‍ സോങ്‌സ് ആയിരുന്നെന്നും അത് കണ്ട് താന്‍ ശ്യാമിന്റെ ഹാര്‍ഡ്‌കോര്‍ ഫാനായെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് പത്രോസിന്റെ പടപ്പുകള്‍ എന്ന സിനിമയിലേക്ക് തനിക്ക് ഒരു വേഷം കിട്ടിയെന്നും ആ സിനിമയിലെ എഡിറ്റര്‍ താനായിരുന്നെന്നും സംഗീത് പ്രതാപ് പറഞ്ഞു.

എന്നാല്‍ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് താന്‍ ആ വേഷം ചെയ്താല്‍ ശരിയാകില്ലെന്ന് ചിലര്‍ പറഞ്ഞെന്നും കുറച്ചുകൂടി പ്രായം തോന്നിക്കുന്ന ആള്‍ ചെയ്യുന്നതാണ് നല്ലതെന്ന് പറഞ്ഞെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. താന്‍ ആ സമയത്ത് ശ്യാമിന്റെ പേര് സജസ്റ്റ് ചെയ്‌തെന്നും പകരം മറ്റൊരു ചെറിയ വേഷം തനിക്ക് കിട്ടിയെന്നും സംഗീത് പറഞ്ഞു. തനിക്ക് കിട്ടാത്ത വേഷം തനിക്ക് കുറച്ച് ഇഷ്ടമുള്ള ഒരാള്‍ ചെയ്യട്ടെ എന്ന ചിന്തയിലാണ് അത് ചെയ്തതെന്നും സംഗീത് കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍സിനോട് സംസാരിക്കുകയായിരുന്നു സംഗീത് പ്രതാപ്.

‘സിനിമയിലെത്തുന്നതിന് മുന്നേ എനിക്ക് ശ്യാമിനെ അറിയാം. കൊവിഡിന്റെ സമയത്ത്  എന്റെ ഫീഡില്‍ കൂടുതലും വന്നുകൊണ്ടിരുന്നത് ശ്യാമിന്റെ ചവര്‍ സോങ്‌സായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ ഞാന്‍ ശ്യാമിന്റെ ഹാര്‍ഡ്‌കോര്‍ ഫാനായി. അത്രക്ക് കിടിലന്‍ സാധനങ്ങളായിരുന്നു അവന്റെ റീല്‍. പിന്നീട് എന്നെ പത്രോസിന്റെ പടപ്പുകള്‍ എന്ന പടത്തിലേക്ക് വിളിച്ചു. ആ പടത്തില്‍ ഞാനായിരുന്നു എഡിറ്റര്‍.

അതുമാത്രമല്ല, ആ പടത്തില്‍ എനിക്ക് അവര്‍ ഒരു റോളും തന്നു. പക്ഷേ, ഷൂട്ടിന് മുമ്പ് ആ ക്യാരക്ടര്‍ ഞാന്‍ ചെയ്താല്‍ ശരിയാവില്ല, കുറച്ചുകൂടെ പ്രായം തോന്നുന്ന ആരെങ്കിലും ചെയ്താല്‍ നന്നാവുമെന്ന് ചിലര്‍ പറഞ്ഞു. അപ്പോള്‍ ഞാനാണ് ശ്യാമിന്റെ പേര് സജസ്റ്റ് ചെയ്തത്. എനിക്ക് വേറൊരു ചെറിയ വേഷം കിട്ടി. നമുക്ക് അടുത്ത് അറിയാവുന്ന, നമുക്ക് ഇഷ്ടമുള്ള ഒരാള്‍ ആ വേഷം ചെയ്യട്ടെ എന്ന ചിന്തയിലാണ് ഞാന്‍ അവനെ സജസ്റ്റ് ചെയ്തത്,’ സംഗീത് പ്രതാപ് പറഞ്ഞു.

Content Highlight: Sangeeth Prathap saying he suggested Shyam Mohan for Pathrosinte Padappukal movie