സന്ദേശ്കാലി അക്രമക്കേസ് സി.ബി.ഐക്ക് വിട്ട വിധിക്കെതിരെ ബം​ഗാൾ സർക്കാർ സുപ്രീം കോടതിയിൽ
India
സന്ദേശ്കാലി അക്രമക്കേസ് സി.ബി.ഐക്ക് വിട്ട വിധിക്കെതിരെ ബം​ഗാൾ സർക്കാർ സുപ്രീം കോടതിയിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2024, 1:00 pm

ന്യൂദല്‍ഹി: സന്ദേശ്കാലി അക്രമക്കേസ് സി.ബി.ഐക്ക് വിടാനുള്ള കല്‍ക്കട്ട ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്.

സര്‍ക്കാരിന് വേണ്ടി അഭിഭാഷകന്‍ അഭിഷേക് സിങ്വിയാണ് കോടതിയില്‍ ഹാജരായത്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമവും ഭൂമി കൈയേറ്റവും ഉള്‍പ്പെട്ട സന്ദേശ്കാലി അക്രമത്തില്‍ ഷെയ്ഖ് ഷാജഹാന്റെ പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ചൊവ്വാഴ്ചയാണ് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടത്.

ഷാജഹാന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി.ബി.ഐക്ക് കൈമാറാനും ബംഗാള്‍ പൊലീസിനോട് കോടതി നിര്‍ദേശിച്ചിരുന്നു. കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. എന്നാല്‍ വിധി വന്നിട്ടും ഷാജഹാന്‍ ഷെയ്ഖിനെ കൈമാറാന്‍ അന്വേഷണ സംഘം തയ്യാറായില്ലെന്ന് സി.ബി.ഐ ആരോപിച്ചു.

ഷാജഹാന്‍ ഷെയ്ഖിനെതിരായ ലൈംഗികാതിക്രമ കേസും ഭൂമികയ്യേറ്റ കേസും അന്വേഷിക്കാന്‍ സന്ദേശ്കാലിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ജനുവരി അഞ്ചിന് അദ്ദേഹത്തിന്റെ അനുയായികള്‍ കയ്യേറ്റം ചെയ്തിരുന്നു. ഇത് ഉള്‍പ്പടെയുള്ള എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

കയ്യേറ്റം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അന്വേഷണത്തിനായി സന്ദേശ്കാലിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും അവരുടെ വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.

Contant Highlight: Sandeshkhali Case: bengal Moves SC Seeking Urgent Hearing Challenging Calcutta HC Order Transferring Probe To CBI