മുഖ്യമന്ത്രിയുടെ മകളെ ശരിഅത്ത് നിയമപ്രകാരം നിക്കാഹ് കഴിച്ചുകൊടുക്കണം: സന്ദീപ് വചസ്പതി
Kerala News
മുഖ്യമന്ത്രിയുടെ മകളെ ശരിഅത്ത് നിയമപ്രകാരം നിക്കാഹ് കഴിച്ചുകൊടുക്കണം: സന്ദീപ് വചസ്പതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th December 2021, 2:43 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണയെ ശരിഅത്ത് നിയമപ്രകാരം നിക്കാഹ് കഴിച്ചുകൊടുക്കണമെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വചസ്പതി. മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയ്ക്കിടെ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദീപിന്റെ പ്രതികരണം.

‘മകളെ വ്യഭിചാരി എന്ന് ഒരു വഷളന്‍ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാന്‍ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാന്‍ എനിക്കുമാവില്ല. അത് മകള്‍ക്കുണ്ടാക്കിയ മാനസികാഘാതം എത്ര വലുതാണെന്ന് മനസിലാവുന്നുമുണ്ട്,’ സന്ദീപ് പറഞ്ഞു.

അതിനാല്‍ വീണയെ അടിയന്തിരമായി ഇസ്‌ലാം വിശ്വാസ പ്രകാരം നിക്കാഹ് കഴിച്ചു കൊടുത്ത് അവരെ ഈ നാണക്കേടില്‍ നിന്ന് കരകയറ്റണമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ പറഞ്ഞു. അല്ലെങ്കില്‍ അബ്ദുറഹ്‌മാന്‍ കല്ലായിയ്‌ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ ലീഗ് കോഴിക്കോട് കടപ്പുറത്ത് റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിയ്ക്കിടെയാണ് അബ്ദുള്‍ റഹ്‌മാന്‍ കല്ലായിയും മറ്റ് ലീഗ് നേതാക്കളും മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമര്‍ശം നടത്തുകയും ചെയ്തിരുന്നത്.

‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത് (അറബി പദം). അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,’ എന്നായിരുന്നു അബ്ദുറഹ്‌മാന്‍ കല്ലായി പറഞ്ഞത്.

അതേസമയം, പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അബ്ദുറഹ്‌മാന്‍ കല്ലായി പിന്നീട് രംഗത്തെത്തി. വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപാടാണ് താന്‍ പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

റിയാസിനെതിരായ പരാമര്‍ശത്തില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അബ്ദുള്‍ റഹ്‌മാനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് പരാതി നല്‍കിയിട്ടുണ്ട്.

സന്ദീപ് വചസ്തപതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്.
………………………………..
ബഹുമാനപ്പെട്ട പിണറായി വിജയന്,
നമസ്‌കാരം.
അങ്ങയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ ശ്രീമതി വീണയെ അവഹേളിച്ച് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി നടത്തിയ പരാമര്‍ശങ്ങള്‍ കേട്ടപ്പോഴുണ്ടായ മനോവേദനയില്‍ നിന്നാണ് ഈ കത്ത് എഴുതുന്നത്. അബ്ദുറഹ്‌മാന്റെ പരാമര്‍ശം അങ്ങയുടെ മകളുടെ ആത്മാഭിമാനത്തെ മാത്രമല്ല സ്ത്രീത്വത്തെ തന്നെ അവഹേളിക്കുന്നതാണെന്ന് അങ്ങേക്ക് ഉത്തമ ബോധ്യമുള്ളതാണല്ലോ?

ഒരു അച്ഛന്‍ എന്ന നിലയില്‍ മാത്രമല്ല, ഈ നാട്ടിലെ മുഴുവന്‍ സ്ത്രീകളുടേയും അഭിമാനം സംരക്ഷിക്കാന്‍ ബാധ്യത ഉള്ള ഭരണാധികാരി എന്ന നിലയിലും ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ല. അതിനാല്‍ ഈ വിഷയത്തില്‍ നടപടി ഉണ്ടാകേണ്ടത് ശ്രീമതി വീണയ്ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ സ്ത്രീകളുടേയും ആത്മാഭിമാനം സംരക്ഷിക്കാന്‍ കൂടിയാണ്. താങ്കള്‍ ആ കടമ നിറവേറ്റുമെന്ന് കരുതുന്നു.

അപ്പോഴും താങ്കളുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ ചില ആശങ്കകള്‍ പങ്കുവെക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇന്ത്യന്‍ പീനല്‍ കോഡിനെക്കാള്‍ ഷരിയാ നിയമങ്ങളോട് താങ്കള്‍ക്ക് വളരെ ബഹുമാനമുള്ളതായി ഇതിനോടകം മനസിലായിട്ടുണ്ട്. ഭക്ഷണം, വിവാഹം, വിവാഹ മോചനം തുടങ്ങി തികച്ചും സ്വകാര്യമായ വിഷയങ്ങളില്‍ പോലും ശരി അത്ത് നിയമമാണ് അഭികാമ്യം എന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതിനാല്‍ കുടുംബത്തിലും അത് തന്നെ നടക്കണം എന്നാകുമല്ലോ അങ്ങയുടെ ആഗ്രഹം.

ഇക്കാര്യങ്ങളിലൊക്കെ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമത്തിനേക്കാള്‍ ശരി അത്ത് നിയമം ഉത്കൃഷ്ടമാണെന്നാണല്ലോ താങ്കള്‍ കുറേ നാളുകളായി സമൂഹത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണല്ലോ താങ്കള്‍ ഹലാല്‍ ഭക്ഷണം, ഉടന്തടി മുത്തലാക്ക് എന്നിവയെ ഒക്കെ പിന്തുണയ്ക്കുന്നത്? സ്വാഭാവികമായും സമൂഹത്തില്‍ ഉണ്ടാകുന്ന നന്മ മുഖ്യമന്ത്രി ആയി എന്ന കാരണത്താല്‍ അങ്ങയുടെ കുടുംബത്തിന് കിട്ടാതെ പോകരുത്. അതിനാല്‍ യുക്തിപൂര്‍വ്വം തീരുമാനമെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്..

ശരി അത്ത് നിയമം എന്നത് മുസ്ലീം വ്യക്തി നിയമം ആണെന്നും അതിന്റെ അടിസ്ഥാനം ഖുര്‍ആന്‍ ആണെന്നും താങ്കള്‍ക്ക് അറിവുണ്ടാകുമല്ലോ? അങ്ങനെയെങ്കില്‍ താങ്കളുടെ മകള്‍ ഇന്ത്യന്‍ നിയമം അനുസരിച്ച് നടത്തിയ വിവാഹത്തെപ്പറ്റി ഖുറാന്‍ പറയുന്നത് എന്താണെന്ന് താങ്കള്‍ അറിഞ്ഞിരിക്കണം.

‘ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതു വരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്-അവര്‍ വിശ്വസിക്കുന്നതു വരെ- നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയുമരുത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു.’ (2:221).

അതായത് സര്‍ക്കാര്‍ രേഖകളിലെങ്കിലും ഹിന്ദു(ബഹുദൈവ വിശ്വാസി) ആയ താങ്കളുടെ മകളേക്കാള്‍ അടിമ സ്ത്രീയാണ് മികച്ചത് എന്നാണ് ഖുറാന്‍ അനുശാസിക്കുന്നത്. ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുത് എന്നാണ് താങ്കള്‍ വിലമതിക്കുന്ന ഷരിയാ നിയമം പറയുന്നത്. അതായത് അവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നത് വരെ ശരിഅത്ത് നിയമം ഈ ബന്ധത്തെ വിവാഹമായി അംഗീകരിക്കില്ല എന്ന് മാത്രമല്ല ഇതിനെ വ്യഭിചാരമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ അബ്ദുറഹ്‌മാന്‍ കല്ലായി പറഞ്ഞത് മതനിയമത്തിന്റെ കണ്ണില്‍ സത്യമാണ്. ഇവിടെയാണ് താങ്കളുടെ വിവേചനബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്.

മകളെ വ്യഭിചാരി എന്ന് ഒരു വഷളന്‍ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാന്‍ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാന്‍ എനിക്കുമാവില്ല. അത് മകള്‍ക്കുണ്ടാക്കിയ മാനസികാഘാതം എത്ര വലുതാണെന്ന് മനസിലാവുന്നുമുണ്ട്.

അതിനാല്‍ ദയവ് ചെയ്ത് അങ്ങ് ഇതിന് പരിഹാരം കാണണം, താങ്കള്‍ വിശ്വസിക്കുന്ന ശരിഅത്ത് നിയമം അനുസരിച്ച് തന്നെ. വീണയെ അടിയന്തിരമായി ഇസ്ലാം വിശ്വാസ പ്രകാരം നിക്കാഹ് കഴിച്ചു കൊടുത്ത് അവരെ ഈ നാണക്കേടില്‍ നിന്ന് കരകയറ്റണം. അതോടെ ഹറാമായ വിവാഹം ഹലാല്‍ (അനുവദനീയമായത്) ആയി മാറും. സമൂഹത്തിന് ശരിഅത്ത് നിയമത്തിന്റെ ഗുണം പറഞ്ഞു കൊടുക്കുന്ന താങ്കള്‍ക്ക് അതിന് ഒരു മന:സാക്ഷിക്കുത്തും ഉണ്ടാകേണ്ട കാര്യവുമില്ല.

മറിച്ച് ഈ നാടിന് വേണ്ടത് ശരിഅത്ത് നിയമമല്ല ഇന്ത്യന്‍ പീനല്‍ കോഡാണ് എന്ന് കരുതുന്നുണ്ട് എങ്കില്‍ അടിയന്തിരമായി ഈ വഷളനെ കയ്യാമം വെക്കണം. മുഖ്യമന്ത്രി എന്ന നിലയില്‍ അത് സാധ്യമല്ല എങ്കില്‍ ഒരു വെള്ളക്കടലാസില്‍ പരാതി എഴുതി നല്‍കാന്‍ ശ്രീമതി വീണയെ അനുവദിക്കണം.

നിയമം നിയമത്തിന്റെ വഴിക്ക് എന്ന അഴകൊഴമ്പന്‍ സമീപനമെങ്കിലും അതോടെ സ്വീകരിക്കാമല്ലോ? അതും സാധ്യമല്ല എങ്കില്‍ ഈ കത്ത് ഒരു പരാതിയായി സ്വീകരിച്ച് ആ സാമൂഹ്യ വിരുദ്ധനെതിരെ നടപടി എടുക്കാന്‍ സൗമനസ്യമുണ്ടാവണം. അല്ലായെങ്കില്‍ അധികാരത്തിന് വേണ്ടി തീവ്രവാദികള്‍ക്ക് മുന്നില്‍ നട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി ചരിത്രം താങ്കളെ വിലയിരുത്തും. അതിന് സാഹചര്യമുണ്ടാകാതിരിക്കട്ടെ.

വിശ്വസ്തതയോടെ,
ആര്‍.സന്ദീപ് വാചസ്പതി,
സംസ്ഥാന വക്താവ്,
ബിജെപി, കേരളം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sandeep Vachaspathi Veena Vijayan Pinaray Vijayan Abdurahman Kallai IUML