അടിച്ചൊതുക്കി അഞ്ച് മിനിട്ട് തികയും മുമ്പേ പ്രതികാരം; സന്ദീപ് സൂപ്പറാടാ...
IPL
അടിച്ചൊതുക്കി അഞ്ച് മിനിട്ട് തികയും മുമ്പേ പ്രതികാരം; സന്ദീപ് സൂപ്പറാടാ...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th May 2023, 8:24 pm

ഐ.പി.എല്‍ 2023ലെ 56ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. കൊല്‍ക്കത്തയുടെ ഹോം സ്‌റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം.

ഇരു ടീമുകളെയും സംബന്ധിച്ച് ഈ മത്സരം അത്രത്തോളം നിര്‍ണായകമാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തേക്ക് മുന്നേറുമ്പോള്‍ തോല്‍ക്കുന്ന ടീമിന്റെ ഐ.പി.എല്‍ യാത്ര ഇതോടെ അവസാനിക്കും.

മത്സരത്തില്‍ ടോസ് നേടിയ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. പതിവില്‍ നിന്നും വിഭിന്നമായാണ് ടോസ് നേടിയ സഞ്ജു എതിരാളികളെ ബാറ്റിങ്ങിനയച്ചത്.

മികച്ച തുടക്കമായിരുന്നില്ല കെ.കെ.ആറിന് ലഭിച്ചത്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവരില്‍ ആറ് റണ്‍സ് മാത്രം പിറന്നപ്പോള്‍ സന്ദീപ് ശര്‍മയുടെ രണ്ടാം ഓവറില്‍ നാല് റണ്‍സ് മാത്രമാണ് പിറന്നത്.

ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറില്‍ ജേസണ്‍ റോയ്‌യെ ഹോം ടീമിന് നഷ്ടമായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് റോയ്‌യെ മടക്കിയത്. എട്ട് പന്തില്‍ നിന്നും പത്ത് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

റോയ് പുറത്തായതോടെ സഹ ഓപ്പണറായ റഹ്‌മാനുള്ള ഗുര്‍ബാസ് അപകടകാരിയായി. സന്ദീപ് ശര്‍മയെറിഞ്ഞ നാലാം ഓവറില്‍ ഗുര്‍ബാസിന്റെ ബാറ്റില്‍ നിന്നും തുടര്‍ച്ചയായ സിക്‌സറുകള്‍ പിറന്നു.

ഓവറിലെ ആദ്യ പന്തില്‍ തന്നെ ലോങ് ഓഫിന് മുകളിലൂടെ സിക്‌സര്‍ പറന്നപ്പോള്‍ രണ്ടാം പന്തും അതേ രീതിയില്‍ മാക്‌സിമത്തിന് പറന്നു. ഇന്നിങ്‌സിലെ ആദ്യ സിക്‌സറായിരുന്നു സന്ദീപ് വഴങ്ങിയത്. ആ ഓവറില്‍ 15 റണ്‍സാണ് സന്ദീപിന് വഴങ്ങേണ്ടി വന്നത്.

എന്നാല്‍ സിക്‌സറുകള്‍ വഴങ്ങേണ്ടി വന്നതിന്റെ പാപഭാരം തൊട്ടുത്ത ഓവറില്‍ തന്നെ ഇറക്കിവെച്ചാണ് സന്ദീപ് കൊല്‍ക്കത്തക്ക് അടുത്ത പ്രഹരമേല്‍പിച്ചത്. ബോള്‍ട്ടിന്റെ പന്തില്‍ തകര്‍പ്പന്‍ ഫ്‌ളയിങ് ക്യാച്ചിലൂടെ ഗുര്‍ബാസിനെ പുറത്താക്കിയാണ് സന്ദീപ് വീണ്ടും ഫീല്‍ഡിങ്ങില്‍ വിരുതുകാട്ടിയത്.

 

അതേസമയം, എട്ട് ഓവര്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത 50 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. 18 പന്ത് നേരിട്ട് എട്ട് റണ്‍സുമായി വെങ്കടേഷ് അയ്യരും പത്ത് പന്തില്‍ നിന്നും 11 റണ്‍സുമായി ക്യാപ്റ്റന്‍ നിതീഷ് റാണയുമാണ് ക്രീസില്‍.

 

Content highlight: Sandeep Sharma’s stunning catch to dismiss Rahmanullah Gurbaz