ദക്ഷിണാഫ്രിക്കയുടെ സീം ബൗളറായ പാട്രിക് ക്രൂഗര്‍ ഒരു നക്ക്ള്‍ ബോള്‍ എറിയുന്നു. ഇന്ത്യയുടെ കപ്പിത്താനായ സൂര്യകുമാര്‍ യാദവ് ആ കെണിയില്‍ വീഴുന്നു. 17 പന്തുകളില്‍ നിന്ന് 21 റണ്ണുകള്‍ സ്‌കോര്‍ ചെയ്ത സൂര്യയുടെ ബാറ്റിങ്ങിന് സ്വതസിദ്ധമായ ഒഴുക്കുണ്ടായിരുന്നില്ല.
തിലക് വര്‍മ ക്രീസിലേയ്ക്ക് നടന്നടുത്തു. ആന്‍ഡില്‍ സിമിലാനെ പുതിയ ബാറ്റര്‍ക്കെതിരെ തീയുണ്ട തൊടുത്തുവിട്ടു. തിലക് ഒന്ന് പതറി. He was beaten by the pace…
അടുത്തത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. തിലക് ഷോട്ടിന് ശ്രമിച്ചുവെങ്കിലും പന്ത് ബാറ്റില്‍ സ്പര്‍ശിക്കാതെ തിലകിന്റെ ഹെല്‍മറ്റില്‍ ഇടിച്ചു. He was defeated by the bounce…
ഒരു സിനിമാരംഗത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് സഞ്ജു അര്‍ധസെഞ്ച്വറി തികച്ചത്. കിങ്‌സ്മീഡില്‍ കനത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. ലെഗ്‌സൈഡിലേയ്ക്ക് ഹിറ്റ് ചെയ്യുന്നത് അതീവ ദുഷ്‌കരമായിരുന്നു. പക്ഷേ സഞ്ജു ലെഗ്‌സൈഡിലേയ്ക്ക് തന്നെ രണ്ട് സിക്‌സറുകള്‍ പായിച്ചു!
അവന്‍ കരുത്തനായിരുന്നു! ബൈബിളിലെ സാംസണെപ്പോലെ ശക്തിയുള്ളവന്‍.
50 പന്തുകളില്‍ നിന്ന് 107 റണ്ണുകള്‍ അടിച്ചെടുത്ത സഞ്ജു പുറത്താവുമ്പോള്‍ ഇന്ത്യ 15.4 ഓവറില്‍ 175/4 എന്ന നിലയിലായിരുന്നു. അവശേഷിച്ചിരുന്ന 26 പന്തുകളില്‍നിന്ന് ഇന്ത്യ നേടിയത് വെറും 27 റണ്‍സ് മാത്രം. ചെയ്‌സിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 141 റണ്ണിന് പുറത്താവുകയും ചെയ്തു.
ബാറ്റിങ്ങ് എളുപ്പമല്ലാത്ത പ്രതലത്തിലാണ് സഞ്ജു സംഹാരതാണ്ഡവമാടിയത് എന്ന് അതോടെ തീര്‍ച്ചയായി. കളി കണ്ടിരുന്ന സകലരും സ്വയം ചോദിച്ചിട്ടുണ്ടാവണം.
ഈ സഞ്ജുവിനെയാണോ ഇന്ത്യന്‍ ടീം ഇത്രയും കാലം സൈഡ് ബെഞ്ചിലിരുത്തി നരകിപ്പിച്ചത്? അയാള്‍ക്ക് നഷ്ടപ്പെട്ട വിലപ്പെട്ട 10 വര്‍ഷങ്ങള്‍ തിരിച്ച് നല്‍കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ!?
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ ആദ്യ പന്ത് തന്നെ ഉള്‍ക്കിടിലമുണ്ടാക്കുന്നതായിരുന്നു. മാര്‍ക്കോ യാന്‍സന്റെ ഡെലിവെറി ഒരു വെള്ളിടി പോലെയാണ് സഞ്ജുവിന് നേര്‍ക്ക് ചെന്നത്. സാബ കരീമും റോബിന്‍ ഉത്തപ്പയും കമന്ററി ബോക്‌സിലൂടെ മുന്നറിയിപ്പ് നല്‍കി-
”യാന്‍സന്റെ പന്ത് എത്ര ഹാര്‍ഡ് ആയിട്ടാണ് സഞ്ജുവിന്റെ ബാറ്റില്‍ ചെന്നിടിച്ചത്! ഇത് ഒരു വലിയ ടെസ്റ്റ് തന്നെയാവും. കളി നടക്കുന്നത് ഇന്ത്യയിലല്ല എന്ന് ഓര്‍ക്കണം…”
പിന്നീട് യാന്‍സന്‍ ഉള്‍പ്പടെയുള്ള സകല പ്രോട്ടിയാസ് ബോളര്‍മാരും എയറിലായിരുന്നു! അക്ഷരാര്‍ത്ഥത്തില്‍ നിലംതൊടാതെയാണ് സഞ്ജു അടിച്ചുപറത്തിയത്.
Cold as ice on the inside, fire with the bat on the outside. This is Sanju Samson! 🔥💗 pic.twitter.com/7jIrqauHwM
ലെജന്‍ഡറി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വേട്ടക്കഥയുണ്ട്. പണ്ട് ഒരു മുതല ദക്ഷിണാഫ്രിക്കയുടെ തീരപ്രദേശങ്ങളില്‍ നാശം വിതച്ചു. പതിനാറടിയോളം നീളവും എഴുനൂറ് കിലോയോളം ഭാരവും ഉണ്ടായിരുന്ന ആ ഭീകരജീവി ഒരുപാട് മനുഷ്യരെ തിന്നൊടുക്കി.
സര്‍ ഹെന്റി ന്യൂമാന്‍ എന്ന പ്രഗത്ഭനായ നായാട്ടുകാരനാണ് ആ മനുഷ്യക്കുരുതി അവസാനിപ്പിച്ചത്. അദ്ദേഹം ആ മുതലയെ പിടികൂടി മൃഗശാലയിലാക്കി. വേട്ടക്കാരനോടുള്ള ആദരസൂചകമായി മൃഗശാലയുടെ അധികൃതര്‍ മുതലയ്ക്ക് ഹെന്റി എന്ന പേര് തന്നെ നല്‍കി.