‘എവിടെയാണ് ലയണല്‍ മെസി? ഞങ്ങള്‍ അയാളുടെ നെഞ്ചകം തകര്‍ത്തില്ലേ?’ അര്‍ജന്റീനക്കുമേല്‍ സൗദി അറേബ്യ അട്ടിമറി വിജയം നേടിയതിനുശേഷം ദോഹയിലെ തെരുവുകളിലും ഫാന്‍ പാര്‍ക്കുകളിലും ഈ മുദ്രാവാക്യം മുഴങ്ങിക്കേട്ടിരുന്നു. അപ്രകാരമാണ് ചില സൗദി ഫാന്‍സ് അവരുടെ ആനന്ദം പ്രകടിപ്പിച്ചത്. അതിനുപിന്നാലെ മെക്‌സിക്കോയുടെ ആരാധകരും അര്‍ജന്റീന ഫാന്‍സും തെരുവില്‍ ഏറ്റുമുട്ടി. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവിടെയും മെസി തന്നെയാണ് തെറി കേട്ടത്.
മെക്‌സിക്കോയുടെ പരിശീലകനായ ജെറാര്‍ഡ് മാര്‍ട്ടിനോയും വാക്‌പോരില്‍നിന്ന് മാറിനിന്നില്ല. മെസിക്ക് ലോകകപ്പ് നിഷേധിക്കാന്‍ തന്റെ പയ്യന്‍മാര്‍ തയ്യാറാണ് എന്നാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്.
മെസിയുടെ അവസ്ഥ കണ്ടപ്പോള്‍ ബോക്‌സിങ്ങ് റിങ്ങിലെ ഇതിഹാസമായിരുന്ന മുഹമ്മദ് അലിയുടെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ് ഓര്‍മവന്നത്.
36 വയസുള്ള സമയത്ത് അലി ഒരു അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയിരുന്നു. 24-കാരനായ ലിയോണ്‍ സ്പിങ്ക്‌സ് അലിയെ ഇടിച്ചുവീഴ്ത്തി. അലിക്ക് ഹെവിവെയ്റ്റ് കിരീടം നഷ്ടമായി.
ആ തോല്‍വിയെക്കുറിച്ച് മാധ്യമങ്ങള്‍ എഴുതി-
‘അലിയുടെ ചുണ്ടില്‍ നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. അയാളുടെ നെറ്റിയില്‍ ചതവിന്റെ പാടുകളുണ്ടായിരുന്നു,’
പക്ഷേ ആ നാണക്കേടിന്റെ കറ അലി മാസങ്ങള്‍ക്കകം കഴുകിക്കളഞ്ഞു. സ്പിങ്ക്‌സിനെ അടിയറവ് പറയിച്ച് അലി കിരീടം തിരിച്ചുപിടിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖത്തിനുപോലും അലിയുടെ പോരാട്ടവീര്യത്തെ തടയാനായില്ല!
ചാമ്പ്യന്‍മാര്‍ അങ്ങനെയാണ്. അലി ഒരു ചാമ്പ്യനായിരുന്നു. മെസിയും ആ ജനുസ്സില്‍ ഉള്‍പ്പെടുന്നവനാണ്!
മെക്‌സിക്കോക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ജയം എന്ന ഓപ്ഷന്‍ മാത്രമേ അര്‍ജന്റീനയുടെ മുമ്പില്‍ ഉണ്ടായിരുന്നുള്ളൂ. തോറ്റാല്‍ അവര്‍ക്ക് നാട്ടിലേയ്ക്ക് വിമാനം കയറാമായിരുന്നു. തുടരെ 36 മത്സരങ്ങള്‍ ജയിച്ച് ലോകകപ്പിനെത്തിയ, ഫേവറിറ്റ്‌സ് എന്ന ടാഗ് പേറുന്ന ടീമിനാണ് ഡൂ ഓര്‍ ഡൈ എന്ന അവസ്ഥ വന്നത്!
ഗുള്ളീര്‍മോ ഒച്ചാവോ എന്ന ഗോള്‍കീപ്പറായിരുന്നു നീലപ്പടയുടെ ഏറ്റവും വലിയ തലവേദന. കളിക്കുന്ന എല്ലാ ലോകകപ്പുകളിലും സ്വന്തം കയ്യൊപ്പ് പതിപ്പിക്കുന്ന മഹാപ്രതിഭ. ഒരു ഗജവീരന്റെ ഗാംഭീര്യത്തോടെ ഗോള്‍വല കാക്കുന്നവന്‍…!