കോഴിക്കോട്: അന്തരിച്ച എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍. എം.ടിയുടെ മരണത്തില്‍ അനുശോചനമറിയിക്കുന്നവരുടെ പോസ്റ്റിന് താഴെ കമന്റുകളായും മറ്റ് സംഘപരിവാര്‍ അനുകൂലികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലുമാണ് എം.ടിക്കെതിരെ നിരവധി വര്‍ഗീയ പരാമര്‍ശങ്ങളുയരുന്നത്.
ഹൈന്ദവ സമൂഹത്തെയും ഹൈന്ദവരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇത്രയും വക്രീകരിച്ച് കാണിച്ച് കാശുണ്ടാക്കിയ മറ്റൊരു സംവിധായകനില്ലെന്നും ചത്തവന് ആദരാഞ്ജലി എന്നു തുടങ്ങി വ്യക്തി അധിക്ഷേപത്തിലേക്കുവരെ എത്തുന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രേഖപ്പെടുത്തുന്നത്.
എം.ടിയുടെ ചിത്രമായ നിര്‍മാല്യത്തിലെ വെളിച്ചപ്പാട് വിഗ്രഹത്തിന് മേല്‍ തുപ്പുന്ന രംഗം പങ്കുവെച്ചുകൊണ്ടും എം.ടിയെ വിമര്‍ശിക്കുകയും വിദ്വേഷപരാമര്‍ശം നടത്തുന്ന പ്രൊഫൈലുകളും സമൂഹമാധ്യമങ്ങളിലുണ്ട്.
‘സ്വത്വത്തിന്റെ സുഖലാവണങ്ങളില്‍ പതിയിരുന്ന്, സ്‌ത്വോപരിയിലുള്ള കാറി തുപ്പല്‍ തന്നെയാണ് എം.ടിയുടെ ആദ്യന്ത വ്യക്തിത്വം. അതിനുള്ള ഒരവസരവും പാഴാക്കിയിട്ടില്ല,’ ഭാര്‍ഗവ റാം എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ കുറിച്ചിട്ടുണ്ട്.
മണ്മറഞ്ഞുപോയവരുടെയും ഇന്നുള്ളവരുടെയും വരും തലമുറകളുടെയും വിശ്വാസത്തിന്റെ നിഷ്‌ക്കളങ്ക മുഖങ്ങളാണ് എം.ടി കാറി തുപ്പി കളങ്കപ്പെടുത്താന്‍ ശ്രമിച്ചതെന്നും ഡോ.ഭാര്‍ഗവ റാം എന്നയാള്‍ പോസ്റ്റില്‍ പങ്കുവെക്കുന്നത്.
‘അയാള്‍ കമ്മ്യൂണിസ്റ്റ് എച്ചില്‍ തിന്നിട്ട് ഹിന്ദുവിന് നേരെ ഓരിയിട്ടിരുന്ന ഒന്നാം തരം ഹിന്ദു വിരുദ്ധനാണെന്നും നിര്‍മാല്യം സിനിമയും രണ്ടാമൂഴവും അതിന് ഉദാഹരണമാണ്,’ സനാതന ഭാരതം എന്ന ഫേസ്ബുക്ക് പ്രൊഫൈലിലും എഴുതിയിട്ടുണ്ട്.
സനാതന ഭാരതം എന്ന പേജിലെ പോസ്റ്റിന് താഴെയും പോസ്റ്റിനെ പിന്തുണച്ച് കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. അവസാന നാലുകളില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ടെന്നും കാലം ഒടുവില്‍ കണക്ക് തീര്‍ത്തുവെന്നടക്കമുള്ളതാണ് കമന്റുകള്‍.
കപട സംസ്‌ക്കാരിക ലോകം പാടിപ്പുകഴ്ത്തിയ സവര്‍ണ നായരെഴുത്തുകാരനാണ് എം.ടിയെന്നും സവര്‍ണ ജാതി മേല്‍ക്കോയ്മകള്‍ കുത്തി നിറച്ച് ക്ഷുദ്ര കൃതികളുമായി ഇനിയൊരാള്‍ ഈ മണ്ണില്‍ ഉണ്ടാവാതിരിക്കട്ടെ എന്നിങ്ങനെ വിദ്വേഷ കമന്റുകള്‍ നിരവധിയാണ്.
ദളിത് സാഹിത്യക്കാരന്‍, ദളിത് കവി എന്നൊക്കെ ഒരുളുപ്പുമില്ലാതെ വിളിക്കാമെങ്കില്‍ സവര്‍ണ സാഹിത്യകാരന്‍ എന്ന് എം.ടിയെ വിളിക്കണമെന്നും ചിലര്‍ പറയുന്നുണ്ട്.