2024 ഐ.പി.എല്ലില്‍ നിന്നും പഞ്ചാബ് കിങ്‌സ് പുറത്ത്. ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് 60 റണ്‍സിന് പരാജയപ്പെട്ടാണ് പഞ്ചാബ് പുറത്തായത്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ 181 റണ്‍സിന് പുറത്താവുകയായിരുന്നു.
പഞ്ചാബിന്റെ തോല്‍വിയില്‍ മത്സരശേഷം നായകന്‍ സാം കറന്‍ പ്രതികരിച്ചു. പഞ്ചാബിന്റെ തോല്‍വിയില്‍ നിരാശ പ്രകടിപ്പിക്കുകയും ആരാധകരെ നിരാശിപ്പെടുത്തിയതിന് മാപ്പ് പറയുകയുമായിരുന്നു പഞ്ചാബ് നായകന്‍.
‘പഞ്ചാബിന്റെ തോല്‍വിയില്‍ വളരെയധികം നിരാശയുണ്ട്. ഈ സീസണില്‍ ഞങ്ങള്‍ക്ക് മികച്ച നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പഞ്ചാബ് ഈ സീസണില്‍ റെക്കോഡ് ചെയ്സിങ് നടത്തി. നിങ്ങളുടെ ആരാധകരെ നിരാശരാക്കിയതില്‍ ഞാന്‍ മാപ്പുപറയുന്നു. ഞങ്ങള്‍ പോരാട്ടം തുടരുക തന്നെ ചെയ്യും.
ഈ സീസണില്‍ ഞങ്ങള്‍ക്ക് ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായി അതെല്ലാം വളരെ കഠിനമായിരുന്നു. ഇതില്‍ നിന്നെല്ലാം പുതിയ പാഠങ്ങള്‍ പഠിക്കുകയും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഠിനാധ്വാനം ചെയ്യുകയും വേണം,’ സാം കറന്‍ മത്സരശേഷം പറഞ്ഞു.
ഈ സീസണില്‍ മികച്ച പോസിറ്റീവ് കാര്യങ്ങള്‍ ഉണ്ടായെന്നും തലയുയര്‍ത്തിയാണ് പഞ്ചാബ് മടങ്ങുന്നതെന്നും സാം കറന്‍ പറഞ്ഞു.
‘ഈ സീസണില്‍ ധാരാളം പോസിറ്റീവ് കാര്യങ്ങള്‍ സംഭവിച്ചു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. ഇനി മുന്നിലുള്ള ബാക്കി മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പഞ്ചാബിന് സാധിക്കും എന്നാണ് കരുതുന്നത്. ഞങ്ങള്‍ തലയുയര്‍ത്തിയാണ് മടങ്ങുന്നത്. മികച്ച ഒരുപിടി താരങ്ങള്‍ ഉള്ള ഒരു ടീമിന്റെ ക്യാപ്റ്റന്‍ ആയത് ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്,’ സാം കറന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 12 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാല് ജയവും എട്ട് തോല്‍വിയും അടക്കം എട്ട് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. ടൂര്‍ണമെന്റില്‍ ഇനി പഞ്ചാബിന് രണ്ടു മത്സരങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
മെയ് 15ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയും മെയ് 19ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുമാണ് പഞ്ചാബിന്റെ അടുത്ത രണ്ട് മത്സരങ്ങള്‍. ഈ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാന്‍ തന്നെയായിരിക്കും സാം കറനും കൂട്ടരും ലക്ഷ്യമിടുക.
Content Highlight: Sam Curren talks about Punjab Kings Loss against RCB