ദൽഹിയെ അടിച്ചുവീഴ്ത്തി ഇവൻ നേടിയത് ക്രിസ് ഗെയ്‌ലിന് പോലുമില്ലാത്ത നേട്ടം; പഞ്ചാബിന്റെ അടാർ ഐറ്റം!
Cricket
ദൽഹിയെ അടിച്ചുവീഴ്ത്തി ഇവൻ നേടിയത് ക്രിസ് ഗെയ്‌ലിന് പോലുമില്ലാത്ത നേട്ടം; പഞ്ചാബിന്റെ അടാർ ഐറ്റം!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 24th March 2024, 11:42 am

ഐ.പി.എല്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ് തങ്ങളുടെ ഈ സീസണല്‍ ആദ്യവിജയം സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായത് ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സാം കറന്റെ തകര്‍പ്പന്‍ ബാറ്റിങ് ആയിരുന്നു. 47 പന്തില്‍ 63 റണ്‍സാണ് കറന്‍ നേടിയത്. ആറു ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 134.04 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ഈ സീസണില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ താരമായി മാറാനും കറന് സാധിച്ചു.

ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലണ്ട് താരത്തെ തേടിയെത്തിയത്. ഓരോ ഐ.പി.എല്‍ സീസണിലും ആദ്യമായി അര്‍ധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇടംകയ്യന്‍ ബാറ്റര്‍ എന്ന നേട്ടമാണ് സാം സ്വന്തമാക്കിയത്. ഇതിന് മുമ്പ് ഐ.പി.എല്ലില്‍ ആദ്യ അര്‍ധസെഞ്ച്വറി നേടിയ ഇടംകയ്യന്‍ താരങ്ങള്‍ ഡേവിഡ് വാര്‍ണറും സുരേഷ് റെയ്‌നയും ആണ്. വാര്‍ണര്‍ 2019ലും റെയ്‌ന 2021ലും ആണ് അര്‍ധസെഞ്ച്വറി നേടിയത്.

മത്സരത്തില്‍ സാമിന് പുറമെ ലിയാം ലിവിങ്സ്റ്റണ്‍ 21 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടി നിര്‍ണായകമായി. രണ്ട് ഫോറുകളും മൂന്ന് സിക്സും ആണ് ഇംഗ്ലണ്ട് താരം നേടിയത്.

അതേസമയം ക്യാപ്പിറ്റല്‍സിനായി ഷായി ഹോപ്പ് 25 പന്തില്‍ 33 റണ്‍സും അവസാനം ഓവറുകളില്‍ ഇമ്പാക്ട് പ്ലെയര്‍ ആയി വന്ന് 10 പന്തില്‍ 32 നേടിയ അഭിഷേക് പോറലും മികച്ച പ്രകടനം നടത്തി. പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി കരുത്ത് കാട്ടി.

Content Highlight: Sam Curren great performance against Delhi Capitals