അര്‍ഹതപ്പെട്ടിട്ടും വേണ്ട അംഗീകാരങ്ങള്‍ ലഭിക്കാത്ത സംഗീത സംവിധായകനാണ് സാം സി.എസ്. വിക്രം വേദ, കൈദി പോലെയുള്ള സിനിമയില്‍ ഐക്കോണിക്കായ മ്യൂസിക്കുകള്‍ അദ്ദേഹം സൃഷ്ടിച്ചിട്ടും ആള്‍ക്കൂട്ടത്തില്‍ തന്നെയാരും തിരിച്ചറിയാറില്ലെന്ന് അദ്ദേഹം തന്നെ പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സമീപ കാലങ്ങളില്‍ ഇതിന് മാറ്റം വന്നിരുന്നു. തെന്നിന്ത്യയിലെ തന്നെ പ്രമുഖ സംഗീതജ്ഞനായി സാം പേരെടുത്തു കഴിഞ്ഞു. മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ തരംഗമായ ബി.ജി.എം ഒരുക്കിയതും സാം സി.എസ് തന്നെ.
Spoiler Alert
ഒടിയന് ശേഷം സാം സംഗീതം ചെയ്ത മലയാള ചിത്രമായ പകലും പാതിരാവും തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഷൈലോക്ക്, രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നിങ്ങനെയുള്ള മാസ് സിനിമകളുടെ സംവിധായകന്‍ അജയ് വാസുദേവ് സ്ഥിരം ശൈലി വിട്ട് ചെയ്ത സിനിമയാണ് പകലും പാതിരാവും. ഒരു മലയോര ഗ്രാമത്തിലെ ദരിദ്ര കുടുംബത്തെ കേന്ദ്രീകരിച്ച് നടക്കുന്ന ത്രില്ലര്‍ സിനിമയാണ്.
റൂട്ട് മാറ്റാന്‍ അജയ് വാസുദേവ് നോക്കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളിലും പല ഘടകങ്ങളും ചിത്രത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ബി.ജി.എമ്മും സ്ലോ മോഷനുമാണ് പ്രധാനം. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും സാം സി.എസ് ഗംഭീര മ്യൂസിക് തന്നെയാണ് നല്‍കിയത്. പ്രത്യേകിച്ചും കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന മൈക്കിളിന്റെ ഇന്‍ട്രോയില്‍.
മിസ്റ്ററിയും മാസും കലര്‍ന്ന ഒരു ബി.ജി.എമ്മാണ് മൈക്കിളിനായി സാം ഒരുക്കിയത്. ഇത് കേള്‍ക്കുമ്പോള്‍ മൈക്കിള്‍ ഒരു വലിയ സംഭവമാണെന്ന് തോന്നലൊക്കെ പ്രേക്ഷകര്‍ക്കുണ്ടാവും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നുമല്ല പോകുന്നത്. മറ്റ് ചില കഥാപാത്രങ്ങള്‍ക്കും ഇങ്ങനെയുള്ള ഭീകരമെന്ന് തോന്നിക്കുന്ന ബി.ജി.എമ്മുണ്ട്. ഷൈലോക്കിലെ ‘മാസ് ഡാ’ പോലെയുള്ള ചില ശബ്ദങ്ങളും ബി.ജി.എമ്മിനിടക്ക് കയറി വരുന്നുണ്ട്.
എന്നാല്‍ ബി.ജി.എമ്മിനൊത്തുള്ള എലവേഷന്‍ കഥാപാത്രങ്ങള്‍ക്ക് സംഭവിക്കാത്തതുകൊണ്ട് തന്നെ ഈ ബി.ജി.എമ്മുകളൊന്നും സിനിമ കഴിഞ്ഞതിന് ശേഷം പ്രേക്ഷകരുടെ മനസില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാതെ പോവുകയാണ്.
Content Highlight: sam cs’s music in pakalum pathiravum movie