മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജയിലില്‍ കഴിയുന്ന അധോലോക നേതാവ്
ലോറന്‍സ് ബിഷ്‌ണോയിയുടെ ഭീഷണി. ഇതേത്തുടര്‍ന്ന് നടന്റെ സുരക്ഷ ശക്തമാക്കി. ഈയടുത്ത് എ.ബി.പി ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ലോറന്‍സ് സല്‍മാന്‍ ഖാനെതിരെ ഭീഷണി മുഴക്കിയത്.
കൃഷ്ണമൃഗത്തെ വേട്ടയാടിയതില്‍ താനുള്‍പ്പെടെയുള്ള ബിഷ്‌ണോയി സമുദായം കടുത്ത ദേഷ്യത്തിലാണെന്ന് ലോറന്‍സ് പറഞ്ഞിരുന്നു. ഇതിന് പ്രായശ്ചിത്തമായി നടന്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും ലോറന്‍സ് പറഞ്ഞിരുന്നു.
‘കേസില്‍ സല്‍മാനെ വെറുതെ വിടാന്‍ അദ്ദേഹം എനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് പണവുമായി ബന്ധപ്പെട്ട വിഷയമല്ല. ജനശ്രദ്ധ നേടാനല്ല സല്‍മാനെ താക്കീത് ചെയ്യുന്നത്. അതിനായിരുന്നെങ്കില്‍ നേരിട്ട് ജുഹുവില്‍ ചെന്ന് അദ്ദേഹത്തെ കൊല്ലാന്‍ ഞങ്ങള്‍ക്ക് കഴിയും,’ തുടങ്ങിയ പരാമര്‍ശങ്ങളും ലോറന്‍സ് അഭിമുഖത്തില്‍ നടത്തുന്നുണ്ട്.
അതേസമയം, 1998ല്‍ ‘ഹം സാത്ത് സാത്ത് ഹൈന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ രാജസ്ഥാനിലെ കങ്കാണിയില്‍ വെച്ച് ബിഷ്‌ണോയി സമുദായം ആദരിക്കുന്ന രണ്ട് കൃഷ്ണ മൃഗങ്ങളെ വേട്ടയാടി കൊന്നതിന് സല്‍മാനെതിരെ കേസുണ്ടായിരുന്നു. സംഭവത്തില്‍ 2018ല്‍ ജോധ്പൂര്‍ കോടതി സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.