വിവാദങ്ങളുടെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ലെങ്കിലും അതിനെയെല്ലാം അവഗണിച്ച് സഞ്ജയ് ലീല ബന്‍സാലി ചിത്രം “പത്മാവത്” ബോക്‌സ് ഓഫീസല്‍ കുതിപ്പ് തുടരുകയാണ്. 100 കോടി ക്ലബ്ബ് പിന്നിട്ട ചിത്രം കുറഞ്ഞ സമയം കൊണ്ടുതന്നെ 200 കോടി ക്ലബ്ബിലും ഇടം പിടിച്ചു. ചിത്രത്തിലെ പ്രധാന താരങ്ങളായ രണ്‍വീര്‍ സിങിന്റേയും ഷാഹിദ് കപൂറിന്റേയും ആദ്യ “ഇരട്ട സെഞ്ച്വറി” ചിത്രം കൂടിയാണ് “പത്മാവത്”.
എന്നാല്‍ ഇതിനേക്കാള്‍ വലിയ മറ്റൊരു റെക്കോര്‍ഡാണ് ചിത്രം രണ്‍വീര്‍ സിങിന് സമ്മാനിച്ചിരിക്കുന്നത്. ബോളിവുഡിലെ “വല്യേട്ടന്‍മാരാ”യ ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, അജയ് ദേവഗണ്‍, രണ്‍ബീര്‍ കപൂര്‍ എന്നിവര്‍ക്കൊന്നും രണ്‍വീറിന്റെ ഈ റെക്കോര്‍ഡ് തകര്‍ക്കാനാകില്ല. 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡാണ് “പത്മാവതി”ല്‍ അലാവുദ്ദീന്‍ ഖില്‍ജിയായി കിടിലന്‍ പ്രകടനം കാഴ്ച വെച്ച രണ്‍ബീറിന് സ്വന്തമായിരിക്കുന്നത്.
32 വയസാണ് രണ്‍വീറിന്റെ പ്രായം. മേല്‍പ്പറഞ്ഞ താരങ്ങള്‍ക്കൊപ്പം “പത്മാവതി”ലെ സഹതാരമായ ഷാഹിദ് കപൂര്‍ പോലും പ്രായത്തില്‍ രണ്‍വീറിനേക്കാള്‍ മൂത്തതാണ്. ഷാഹിദും രണ്‍വീറും ഒരേസമയമാണ് 200 കോടി ക്ലബ്ബില്‍ കയറുന്നതെങ്കില്‍, അജയ് ദേവഗണ്‍ കഴിഞ്ഞ വര്‍ഷം “ഗോല്‍മാല്‍ എഗെയ്ന്‍” എന്ന ചിത്രത്തിലൂടെയാണ് 200 കോടി ക്ലബ്ബില്‍ ചുവടുറപ്പിച്ചത്.
200 കോടി ക്ലബ്ബില്‍ എത്തുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലും രണ്‍വീറും ഷാഹിദുമാണ്. മൂന്നാം സ്ഥാനത്തുള്ളത് “3 ഇഡിയറ്റ്‌സ്” എന്ന ചിത്രത്തിലൂടെ ആമിര്‍ ഖാനാണ്. 44 വയസായിരുന്നു ചിത്രം ഇറങ്ങുമ്പോള്‍ ആമിറിന്റെ പ്രായം. നാലാം സ്ഥാനത്താകട്ടെ സാക്ഷാല്‍ കിങ് ഖാനാണ്. 2013-ല്‍ പുറത്തിറങ്ങിയ “ചെന്നൈ എക്‌സ്പ്രസ്” എന്ന ചിത്രം 200 കോടി ക്ലബ്ബില്‍ കയറുമ്പോള്‍ ഷാരുഖ് ഖാന്റെ പ്രായം 47 വയസാണ്.
ഏതായാലും രണ്‍വീറിന്റെ ഈ റെക്കോര്‍ഡ് അടുത്ത കാലത്തൊന്നും തകര്‍ക്കപ്പെടില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രണ്‍വീറിന്റെ റെക്കോര്‍ഡ് ഉടനെ തകര്‍ക്കാന്‍ സാധ്യതയുള്ള നടന്‍ വരുണ്‍ ധവാനാണ്. ഇപ്പോള്‍ 30 വയസുള്ള വരുണ്‍ പക്ഷേ രണ്‍വീറിന്റെ റെക്കോര്‍ഡ് തകര്‍ക്കാനായി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 200 കോടി ക്ലബ്ബില്‍ കയറേണ്ടി വരും.