വലിയ താരമൊക്കെയാ പക്ഷെ ആ മത്സരങ്ങള്‍ വരുമ്പോള്‍ മുട്ടടിക്കും,ധൈര്യമില്ല; ഇന്ത്യന്‍ നായകനെ ഇകഴ്ത്തി പാക് താരം
Sports News
വലിയ താരമൊക്കെയാ പക്ഷെ ആ മത്സരങ്ങള്‍ വരുമ്പോള്‍ മുട്ടടിക്കും,ധൈര്യമില്ല; ഇന്ത്യന്‍ നായകനെ ഇകഴ്ത്തി പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 5th August 2023, 5:05 pm

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് നായകന്‍ രോഹിത് ശര്‍മ. തന്റെ സ്വതസ്വതസിദ്ധ ശൈലിയില്‍ ക്രീസില്‍ നിലയുറപ്പിച്ചതിന് ശേഷം ആഞ്ഞടിക്കുന്നതാണ് രോഹിത്തിന്റെ ശൈലി. ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറിയുള്ള ഏക താരവും രോഹിത്താണ്.

ക്യാപ്റ്റനായും മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് കിരീടം നേടി കൊടുത്ത നായകന്‍ ഈ വര്‍ഷം ഇന്ത്യന്‍ ടീമിനെ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ നയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

രോഹിത് എത്രയൊക്കെ വലിയ താരമാണെങ്കിലും ധൈര്യമില്ലാത്ത ആളാണെന്നും സമ്മര്‍ദഘട്ടത്തില്‍ മുട്ടിടിക്കുന്ന താരമാണെന്നും പറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ നായകനായ സല്‍മാന്‍ ബട്ട്. നോക്കൗട്ട് മത്സരങ്ങളിലെ പ്രഷര്‍ മറികടക്കാന്‍ രോഹിത്തിന് സാധിക്കില്ലെന്നാണ് ബട്ട് അഭിപ്രായപ്പെടുന്നത്.

‘രോഹിത് ശര്‍മ സൂപ്പര്‍ താരമാണെന്ന കാര്യം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഏറെ നാളുകളായി ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണെങ്കിലും സമ്മര്‍ദ സാഹചര്യത്തില്‍ അദ്ദേഹം സ്ട്രഗിള്‍ ചെയ്യുകയാണ്. പ്രത്യേകിച്ച് നോക്കൗട്ട് മത്സരങ്ങളില്‍. രോഹിത് നോക്കൗട്ട് മത്സരങ്ങളില്‍ ഇനിയും മെച്ചപ്പെടാനുണ്ട്’-യുട്യൂബ് ചാനലില്‍ സംസാരിക്കവെ സല്‍മാന്‍ ബട്ട് പറഞ്ഞു.

ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന നിലയിലാണ് സല്‍മാന്‍ ബട്ട് സംസാരിച്ചത്. പാകിസ്ഥാന് ബൗളിങ് നിര ഇന്ത്യയെക്കാള്‍ ശക്തരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചുകാലത്തെ കണക്ക് ശ്രദ്ധിക്കുകയാണെങ്കില്‍ പാക് ബൗളര്‍മാരുടെ മുമ്പില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറിയിട്ടുണ്ട്.

ഏഷ്യാ കപ്പിലാണ് ഇരു ടീമുകളും അടുത്തതായി ഏറ്റുമുട്ടാന്‍ പോകുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരത്തില്‍ ഇന്ത്യയും ഒരു മത്സരത്തില്‍ പാകിസ്ഥാനും വിജയിച്ചിരുന്നു. പിന്നീട് ഏറ്റുമുട്ടിയ ട്വന്റി-20 ലോകകപ്പ് മത്സരത്തിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഈ ഏഷ്യാ കപ്പില്‍ മൂന്ന് മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്.

Content Highlight: Salman Bhatt Says Rohit Sharma struggles in Knockout Games