മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കോമ്പോയാണ് കൊച്ചിന്‍ ഹനീഫ-സലിംകുമാര്‍ എന്നിവരുടേത്. പുലിവാല്‍ കല്യാണം, ചതിക്കാത്ത ചന്തു, സുന്ദരപുരുഷന്‍, ഉദയപുരം സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഈ കോമ്പോ പ്രേക്ഷകനെ കുടുകുടാ ചിരിപ്പിച്ചിട്ടുണ്ട്. കൊച്ചിന്‍ ഹനീഫയുമൊത്തുള്ള ഷൂട്ട് തനിക്ക് എപ്പോഴും രസകരമായ അനുഭവമാണെന്ന് പറയുകയാണ് സലിംകുമാര്‍. പല സിനിമകളിലും അദ്ദേഹം സ്‌ക്രിപ്റ്റിലില്ലാത്ത ഡയലോഗ് കൈയില്‍ നിന്ന് ഇട്ട് പറയാറുണ്ടെന്ന് സലിംകുമാര്‍ പറഞ്ഞു.
ഇന്ന് പലരും റിപ്പീറ്റടിച്ച് കാണുന്ന കോമഡികളില്‍ പലതും അദ്ദേഹം കൈയില്‍ നിന്ന് ഇട്ടതാണെന്നും അതില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡയലോഗ് തിളക്കത്തിലേതാണെന്നും സലിംകുമാര്‍ പറഞ്ഞു. ആ ചിത്രത്തില്‍ അദ്ദേഹം ഒരു ഗുണ്ടയായാണ് എത്തിയതെന്നും ആ കഥപാത്രം ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും ആളുകളെ ചിരിപ്പിക്കാറുണ്ടെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയുടെ ഫോട്ടോയില്‍ തൊഴുന്നതൊക്കെ കൊച്ചിന്‍ ഹനീഫ കൈയില്‍ നിന്ന് ഇട്ടതാണെന്ന് സലിംകുമാര്‍ പറഞ്ഞു.
ചിത്രത്തില്‍ മാര്‍ക്കറ്റില്‍ വെച്ചുള്ള ഫൈറ്റ് സീനിന്റെ ഒടുവില്‍ നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ വന്ന് ദിലീപിനെ പിടിച്ചുകൊണ്ടുപോകുന്ന രംഗം ഉണ്ടെന്നും ആ സമയത്ത് കൊച്ചിന്‍ ഹനീഫ വില്ലനോട് ചൂടാകുന്ന സീന്‍ ഉണ്ടെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് നെടുമുടി വേണുവിന്റെ ക്യാരക്ടര്‍ ഭാസ്‌കരാ എന്ന് വിളിക്കുമ്പോള്‍ പ്രസന്റ് സാര്‍ എന്ന് പറയുന്ന ഡയലോഗ് പുള്ളി കൈയില്‍ നിന്ന് ഇട്ടതാണെന്നും അത് തന്നെ ഒരുപാട് ചിരിപ്പിച്ചതാണെന്നും സലിംകുമാര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സലിംകുമാര്‍.
‘ഹനീഫിക്കയുടെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ പല കാര്യങ്ങളും പുള്ളി കൈയില്‍ നിന്ന് ഇടും. അപാരമായ കോമഡി ടൈമിങ്ങാണ് പുള്ളിയുടെ. ഞങ്ങള്‍ ഒരുമിച്ച കുറെ പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച പല സിനിമയിലും പുള്ളി ഈ പരിപാടി ചെയ്യാറുണ്ട്. ആ സ്‌പോട്ടില്‍ അങ്ങ് പ്രസന്റ് ചെയ്യുന്ന സാധനങ്ങളാണ് കൂടുതല്‍.
അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് തിളക്കത്തിലെയാണ്. ആ പടത്തില്‍ ഹനീഫിക്കയുടെ ക്യാരക്ടര്‍ ഒരു ഗുണ്ടയാണ്. കോമഡി ടൈപ്പ് ഗുണ്ടയാണ് പുള്ളി. ഗാന്ധിജിയുടെ ഫോട്ടോയെ തൊഴുന്ന സീനൊക്കെ വേറെ ലെവലാണ്.അതില്‍ ഒരു ഫൈറ്റ് സീന്‍ കഴിഞ്ഞ് നെടുമുടി വേണു ദിലീപിനെ കൊണ്ടുപോവുന്ന ഭാഗമുണ്ട്.
ആ സമയത്ത് ഹനീഫിക്കയുടെ ക്യാരക്ടര്‍ വില്ലനോട് ചൂടാവുകയാണ്. ഫൈറ്റെല്ലാം കഴിഞ്ഞിട്ടും പുള്ളി കത്തിക്കയറുകയാണ്. ആ സമയത്ത് വേണുച്ചേട്ടന്‍ ‘ഭാസ്‌കരാ’ എന്ന് വളിക്കും. അത് കേട്ടതും ഹനീഫിക്കയുടെ ക്യാരക്ടര്‍ ‘പ്രസന്റ് സാര്‍’ എന്ന് പറഞ്ഞ് കൈകെട്ടി നില്‍ക്കും. പുള്ളിയെ പഠിപ്പിച്ച സാറിനോടുള്ള ബഹുമാനം ആ ഡയലോഗില്‍ കാണിച്ചതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനാണത്,’ സലിംകുമാര്‍ പറഞ്ഞു.
Content Highlight: Salimkumar shares his favorite comedy scene of Cochin Haneefa