മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് സലിംകുമാര്‍. മിമിക്രിയിലൂടെ സിനിമയിലെത്തിയ സലിംകുമാര്‍ കരിയറിന്റെ തുടക്കത്തില്‍ കൂടുതലും ചെയ്തത് കോമഡി റോളുകളായിരുന്നു. എന്നാല്‍ 2005ല്‍ റിലീസായ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് 2010ല്‍ ആദാമിന്റെ മകന്‍ അബുവിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡും സലിംകുമാര്‍ സ്വന്തമാക്കി.
അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സലിംകുമാര്‍. അരമനവീടും അഞ്ഞൂറേക്കറും എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് താന്‍ ഹനീഫയെ ആദ്യമായി കണ്ടതെന്ന് സലിംകുമാര്‍ പറഞ്ഞു. ആ സിനിമയിലേക്ക് തന്റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടതാണെന്നും മനസില്ലാമനസ്സോടെയാണ് പോയതെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ജഗതി, കൊച്ചിന്‍ ഹനീഫ, മുകേഷ് തുടങ്ങി വലയ നടന്മാരാണ് ആ സെറ്റിലുണ്ടായിരുന്നതെന്നും താന്‍ ആ സമയത്ത് തുടക്കക്കാരനായിരുന്നെന്നും സലിംകുമാര്‍ പറഞ്ഞു. ജഗതിയെ മാത്രമേ തനിക്ക് മുമ്പ് പരിചയമുണ്ടായിരുന്നുള്ളൂവെന്നും ബാക്കി ആരോടും പേടി കാരണം സംസാരിക്കാന്‍ പോയില്ലെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഷോട്ടിന്റെ ബ്രേക്ക് സമയത്ത് താനും ജഗതിയും കൊച്ചിന്‍ ഹനീഫയും ഒരുമിച്ച് ഇരുന്നെന്നും ജഗതി തന്നെ ഹനീഫക്ക് പരിചയപ്പെടുത്തിക്കൊടുത്തെന്നും സലിംകുമാര്‍ പറഞ്ഞു. എന്നാല്‍ ആ സമയത്ത് ഹനീഫയെ കണ്ടപ്പോള്‍ വലിയ ജാഡക്കാരനാണെന്നാണ് കരുതിയതെന്നും പിന്നീട് തങ്ങള്‍ വലിയ കൂട്ടായെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഹനീഫിക്കയെ ഞാന്‍ പരിചയപ്പെടുന്നത് അരമനവീടും അഞ്ഞൂറേക്കറും എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. ഷൊര്‍ണൂരിലായിരുന്നു ഷൂട്ട്. അവിടം വരെ പോകാന്‍ എനിക്ക് മടിയായിരുന്നു. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചിട്ടാണ് ഞാന്‍ പോയത്. ജഗതി ചേട്ടന്‍, കൊച്ചിന്‍ ഹനീഫ, മുകേഷ് തുടങ്ങി വലിയ നടന്മാരായിരുന്നു ആ സെറ്റില്‍. ഞാനാണങ്കില്‍ ആ സമയത്ത് ഒരു തുടക്കക്കാരനായിരുന്നു. ആരോടും സംസാരിക്കാതെ പലപ്പോഴും മാറിയിരിക്കാറാണ് പതിവ്.
ഒരു ദിവസം ബ്രേക്കിന്റെ സമയത്ത് ഞാനും ജഗതി ചേട്ടനും ഹനീഫിക്കയും ഒരുമിച്ച് ഇരിക്കുകയായിരുന്നു. ഹനീഫിക്ക മാറിയിരുന്ന് സിഗരറ്റ് വലിക്കുകയാണ്. ജഗതി ചേട്ടന്‍ എന്നെ ഹനീഫിക്കക്ക് പരിചയപ്പെടുത്തി. ‘ഹനീഫക്ക് സലിംകുമാറിനെ അറിയില്ലേ, എറണാകുളത്തുകാരനാ’ എന്ന് ജഗതി ചേട്ടന്‍ പറഞ്ഞു. ‘ഓ, ഇവന്‍ വലിയ ഫേമസല്ലേ’ എന്ന് ഹനീഫിക്ക തിരിച്ച് മറുപടി നല്‍കി. പുള്ളി വലിയ ജാഡ പാര്‍ട്ടിയാണെന്നാണ് ഞാന്‍ അപ്പോള്‍ വിചാരിച്ചത്. പക്ഷേ പിന്നീട് സിനിമയിലെ എന്റെ ഏറ്റവും വലിയ സുഹൃത്തായി പുള്ളി മാറി,’ സലിംകുമാര്‍ പറഞ്ഞു.
Content Highlight: Salim Kumar saying how he became friend with Cochin Haneefa