കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ മാസവും 10ാം തിയ്യതിക്കകം ശമ്പളം നല്‍കണം; ഉത്തരവിറക്കി ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാ മാസവും 10ാം തിയ്യതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. കെ.എസ്.ആര്‍.ടി.സിക്ക് വേണ്ട സഹായം നല്‍കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു.
ശമ്പള വിതരണം വൈകുന്നതിന് എതിരായി വിവിധ ജീവനക്കാര്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം നല്‍കാനുള്ള പണം ഏതെങ്കിലും തരത്തില്‍ ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സംസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണ് ഈ സംവിധാനമെന്നും കോടതി പറഞ്ഞു. സാധാരണക്കാര്‍ക്ക് സഹായകമാകേണ്ട പൊതുഗതാഗത മാര്‍ഗമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം കെ.എസ്.ആര്‍.ടിസിയെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാക്കണമെന്ന ജീവനക്കാരുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.
ജൂലൈ മാസത്തെ ശമ്പളം ജീവനക്കാര്‍ക്കെല്ലാം വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ടെന്നാണ് നിലവില്‍ കെ.എസ്.ആര്‍.ടി.സി അറിയിച്ചത്. പെന്‍ഷന്‍ വിതരണം തുടങ്ങിയെന്നും കെ.എസ്.ആര്‍.ടി.സി കോടതിയെ അറിയിച്ചു. നേരത്തെ ശമ്പളം വൈകുന്നതില്‍ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
ബുധനാഴ്ച രാത്രിയോടു കൂടിയാണ് ജീവനക്കാര്‍ക്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറിയത്. ധനവകുപ്പ് നല്‍കിയ 40 കോടിയടക്കം സര്‍ക്കാര്‍ നല്‍കിയ 70 കോടിയാണ് ശമ്പള വിതരണത്തിനുള്ള പ്രധാന ആശ്രയം.
ശമ്പളത്തിന് പുറമെ ഓണം ഉത്സവാനുകൂല്യവും കെ.എസ്.ആര്‍.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാര്‍, ബദലി ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപ വീതവും സ്ഥിര ജീവനക്കാര്‍ എന്നിവര്‍ക്ക് 2750 രൂപയും ഇന്ന് നല്‍കും. സ്ഥിര ജീവനക്കാര്‍ക്ക് 7500 രൂപവീതം ശമ്പള അഡ്വാന്‍സ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
CONTENT HIGHLIGHTS: Salary must be paid by 10th of every month in KSRTC; The High Court ordered