[]കൈരളി ചാനലിലെ സെലിബ്രിറ്റി കിച്ചണ്‍ എന്ന പരിപാടിക്കിടെ സീരിയല്‍ താരം അനിതാ നായരുടെ രോഷപ്രകടനം പ്രമോ ആക്കി സംപ്രേക്ഷണം ചെയ്ത കൈരളി ചാനല്‍ നടപടി വിവാദമാകുന്നു.
കൈരളി ചാനലിന്റെ നടപടി സ്ത്രീവിരുദ്ധമാണെന്ന നിലപാടുമായി സൈബര്‍ സ്‌പേസില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്.
ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥമായ ചാനലില്‍ നിന്നും ഇത്തരത്തില്‍ സ്ത്രീവിരുദ്ധമായ കാര്യങ്ങള്‍ വരുന്നതെങ്ങനെയാണെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
ചാനലിന്റെ നടപടിക്കെതിരെ പ്രമുഖ നാടക, സിനിമാ നടിയും കൈരളി ചാനലിന്റെ ആദ്യകാല പ്രൊഡ്യൂസറുമായ സജിത മഠത്തില്‍ പരസ്യമായി രംഗത്തുവന്നു.
അനിതാ നായര്‍, അതി കഠിനമായ തന്റെ ക്ഷോഭം പ്രകടിപ്പിക്കുന്നു. പക്ഷേ, അത് പ്രൊമോ ആക്കി അവതരിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വിലകുറഞ്ഞ പ്രേക്ഷകശ്രദ്ധയും റേറ്റിംഗും അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭവും വേണമെന്നു വച്ചാല്‍ പിന്നെയെന്താണ് കൈരളിയുടെ രാഷ്ട്രീയമെന്ന് സജിതാ മഠത്തില്‍ ചോദിക്കുന്നു.
സ്ത്രീവിരുദ്ധമായ ഒന്നും ചാനലില്‍ അറിഞ്ഞുകൊണ്ട് കൊടുക്കരുത് എന്ന ശ്രദ്ധ ചാനലിന് പണ്ടുണ്ടായിരുന്നെന്നും എന്നാല്‍ ഇന്ന് അതെല്ലാം നഷ്ടമായെന്നും സജിത തന്റെ ഫേസ് കുറിപ്പില്‍ പറയുന്നു.
അനിതാ നായര്‍ എന്ന നടി ഷോയില്‍ നിന്ന് എന്തോ പ്രശ്‌നം കൊണ്ട് ഇറങ്ങിപ്പോകുന്നതും വാചിക, ആംഗിക, ആഹാര്യ ഭാഷയിലൂടെ ഫ്‌ളോറിനകത്ത് പ്രതിഷേധം പ്രകടിപ്പിക്കുന്നതും കര്‍ത്തവ്യ നിരതരായ കാമറാമാന്‍മാര്‍ അത് ഒപ്പിയെടുത്ത് എഡിറ്റര്‍മാരുടെ കരവിരുതില്‍ ബീപ്പുകളുടെ അകമ്പടിയോടെ പ്രൊമോ എന്ന പേരില്‍ ചാനലിലും സോഷ്യല്‍ മീഡിയിയലും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.
ഇത് കാണുമ്പോള്‍ ഈ കൈരളി കുടുംബത്തിലെ അംഗമായിരുന്ന ആള്‍ എന്ന നിലയില്‍ മാത്രമല്ല അസ്വസ്ഥത തോന്നുന്നത്. ഒരു നടി എന്ന നിലയ്ക്ക്, ഈ നടി സമൂഹത്തിലെ അംഗമെന്ന നിലയ്ക്ക് അതെന്നെ ഏറെ വേദനിപ്പിക്കുന്നെന്നും സജിത കുറിപ്പില്‍ പറയുന്നു.
സജിത മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇത് കുറേ വര്‍ഷം മുമ്പത്തെ കഥയാണ്. രണ്ടായിരാമാണ്ടിന്റെ തുടക്കം. അന്ന് എന്നെപ്പോലെ ഏറെപ്പേരുടെ മാധ്യമ പ്രതീക്ഷകള്‍ക്ക് പുതിയൊരു ഉന്മേഷം നല്കിക്കൊണ്ടാണ് കൈരളി ടിവി ജനിക്കുന്നത്.
ആ കാലത്ത് ഞാന്‍ ചാനലിന്റെ പ്രൊഡ്യൂസര്‍മാരിലൊരാളായിരുന്നു. ഉദ്ഘാടനത്തിന് തൊട്ടു മുമ്പു വരെ മലയാളം എന്ന പേരായിരുന്നു ഞങ്ങളുടെ ചാനലിനായി കരുതി വച്ചിരുന്നത്. പിന്നീട് സാങ്കേതിക കാരണത്താല്‍ അത് കൈരളി ടിവി ആയി മാറി.
എങ്കിലും പെണ്‍മലയാളം എന്നു ചൊല്ലി വിളിച്ച സ്ത്രീപക്ഷ പ്രതിവാര പരിപാടിയുടെ പേര് ഞങ്ങള്‍ മാറ്റിയില്ല. അന്ന് കൈരളിയില്‍ പെണ്‍മലയാളത്തിനു പുറമേ ഗൗരവമുള്ള ഒട്ടേറെ പ്രതിവാര പരിപാടികള്‍ ഉണ്ടായിരുന്നു.
നാടകവും, പ്രവാസ ലോകവും, കുടുംബകവും എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. സ്ത്രീ പ്രശ്‌നങ്ങളില്‍ ഒരു സ്റ്റുഡിയോ ടോക്ഷോയും ഞങ്ങള്‍ അന്ന് നിര്‍മിച്ച് പ്രക്ഷേപണം ചെയ്തിരുന്നു.
തുടക്കത്തില്‍ പല തലത്തിലുള്ള അനുഭവ പരിചയങ്ങളുള്ള ഒരു പ്രൊഡക്ഷന്‍ ടീം രാപ്പകലില്ലാതെ അധ്വാനിച്ചു തന്നെയാണ് കൈരളിക്ക് ഒരു അടിസ്ഥാനമുണ്ടാക്കിയെടുത്തത്.
ഈ കഥയൊക്കെ ഇന്ന് പഴങ്കഥ മാത്രമാണ്. ഓര്‍ക്കേണ്ടതോ ഓര്‍മിപ്പിക്കേണ്ടതോ ആയ ഒരു കാര്യവും ഇതിലില്ല. ഞാനും എന്റെ കൈരളിക്കാലം മറന്നു തുടങ്ങി. അവിടെ നിന്ന് മാറിയ ശേഷവും കുറേക്കാലം കൂടി എന്റെ കണ്‍വെട്ടത്തും മനസ്സിന്റെ വെട്ടത്തും കൈരളിയും പ്രോഗ്രാമുകളുമൊക്കെ ഉണ്ടായിരുന്നു. പിന്നീട് അതുമില്ലാതായി.
സ്ത്രീവിരുദ്ധമായ ഒന്നും നമ്മുടെ ചാനലില്‍ അറിഞ്ഞുകൊണ്ട് കൊടുക്കരുത് എന്ന ശ്രദ്ധ പണ്ടുണ്ടായിരുന്നു. കോട്ടയത്ത് ഒരു പുരുഷപീഡനവേദിയുടെ സമ്മേളനം പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതില്‍ കുറച്ചൊന്നുമല്ല അതിന്റെ പ്രൊഡ്യൂസറെ ഞാനടക്കമുള്ളവര്‍ കുറ്റപ്പെടുത്തിയത്.
പക്ഷേ, ഇന്നു ഞാന്‍ വീണ്ടും ആ കഥയൊക്കെ ഓര്‍ത്തു പോയതിനു കാരണം ഫേസ്ബുക്കില്‍ കണ്ട കൈരളി ടിവിയുടെ ഒരു പ്രൊമോ ആണ്.
“സെലിബ്രിറ്റി കിച്ചന്റെ ഷൂട്ടിംഗ് ഫ്‌ളോറില്‍ സീരിയല്‍ നടി അനിതാ നായര്‍ അഴിഞ്ഞാടിയതെന്തിന്? അഭിനേത്രികളെയും മറ്റുള്ളവരെയും അസഭ്യം പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയതിന് കാരണമെന്താണ്?” ഒരു അപസര്‍പ്പക കഥയുടെ ഉദ്വേഗം ജനിപ്പിക്കുന്ന കമന്ററി, അതെ അത് കൈരളിയുടെ ഒരു പ്രോഗ്രാമിന്റേതു തന്നെ.
അനിതാ നായര്‍ എന്ന നടി ഷോയില്‍ നിന്ന് എന്തോ പ്രശ്‌നം കൊണ്ട് ഇറങ്ങിപ്പോകുന്നതും വാചിക, ആംഗിക, ആഹാര്യ ഭാഷയിലൂടെ ഫ്‌ളോറിനകത്തു പ്രതിഷേധം പ്രകടിപ്പിക്കുന്നതും കര്‍ത്തവ്യ നിരതരായ കാമറാമാന്‍മാര്‍ അത് ഒപ്പിയെടുത്ത് എഡിറ്റര്‍മാരുടെ കരവിരുതില്‍ ബീപ്പുകളുടെ അകമ്പടിയോടെ പ്രൊമോ എന്ന പേരില്‍ ചാനലിലും സോഷ്യല്‍ മീഡിയിയലും പ്രചരിപ്പിക്കുകയും ചെയ്തു കാണുമ്പോള്‍ ഈ കൈരളി കുടുംബത്തിലെ അംഗമായിരുന്ന ആള്‍ എന്ന നിലയില്‍ മാത്രമല്ല അസ്വസ്ഥത തോന്നുന്നത്. ഒരു നടി എന്ന നിലയ്ക്ക്, ഈ നടി സമൂഹത്തിലെ അംഗമെന്ന നിലയ്ക്ക് അതെന്നെ ഏറെ വേദനിപ്പിക്കുന്നു.
നടി, പ്രത്യേകിച്ച് നാടക സീരിയല്‍ നടിക്ക് കേരള സമൂഹം നല്‍കിയിരിക്കുന്ന ഒരിടമുണ്ട്. അഭിനയിച്ച പ്രണയവും കാമവും കഥാപാത്രങ്ങളുമെല്ലാം അവളുടെ ജീവിതത്തിലും ഉണ്ടെന്ന് കരുതപ്പെടുന്നു.
തന്നെ രസിപ്പിച്ച, തന്നില്‍ കാമനകളുണര്‍ത്തിയ അവളുടെ ശരീരത്തില്‍ സ്‌റ്റേജിനും ടെലിവിഷന്‍ പെട്ടിക്കും അപ്പുറത്തും തനിക്ക് അധികാരമുണ്ടെന്നും വിശ്വസിക്കുന്നു. സീരിയല്‍ രംഗത്തെ നടികളാണ് ഇന്നതിന്റെ ഏറ്റവും വലിയ ഇരകള്‍.
അനിതാ നായര്‍, അതി കഠിനമായ തന്റെ ക്ഷോഭം പ്രകടിപ്പിക്കുന്നു. പക്ഷേ, അത് പ്രൊമോ ആക്കി അവതരിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വിലകുറഞ്ഞ പ്രേക്ഷകശ്രദ്ധയും റേറ്റിംഗും അതിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭവും വേണമെന്നു വച്ചാല്‍ പിന്നെയെന്താണ് കൈരളിയുടെ രാഷ്ട്രീയം?
അല്ലെങ്കില്‍, ഇത്തരം ദേഷ്യപ്രകടനങ്ങള്‍ രംഗവേദിക്ക് പുറത്തു നടക്കുമ്പോള്‍ കാമറയുമായി പുറകെ നടന്ന് എടുക്കരുതെന്ന് പറഞ്ഞ് കാമറക്കണ്ണുകള്‍ കൈ കൊണ്ട് കൊട്ടിയടക്കുന്നതു വരെ പകര്‍ത്തി അനുവാദമില്ലാതെ ടെലികാസ്റ്റ് ചെയ്യുന്നതാണോ വേറിട്ട ദൃശ്യബോധം. ഇതിലൂടെ സീരിയല്‍ നടിയെക്കുറിച്ച് കേരള സമൂഹം രൂപപ്പെടുത്തിയെടുത്ത ഒരു കാഴ്ചയെ ഒന്നു കൂടെ ഊട്ടി ഉറപ്പിക്കുന്നതില്‍ തങ്ങള്‍ വിജയിച്ചു എന്നതാണോ?
കേരളത്തിലെ ചാനലുകളില്‍ ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപടിനാല്‍ വേറിട്ടതാകണമെന്നാണോ കൈരളി ആഗ്രഹിക്കുന്നത്?