Entertainment
സിനിമ കണ്ട ശേഷം 'നീ അടുത്തെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ കരണക്കുറ്റിക്കൊന്ന് തന്നേനേ'യെന്ന് പറഞ്ഞു: സജിന്‍ ഗോപു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 14, 10:00 am
Friday, 14th February 2025, 3:30 pm

ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊന്‍മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ പുറത്തിങ്ങിയത്.

ഇന്ദുഗോപനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ പൊന്‍മാനില്‍ ബേസിലിനെ കൂടാതെ, സജിന്‍ ഗോപു, ലിജോമോള്‍ ജോസ്, ആനന്ദ് മന്മദന്‍, ദീപക് പറമ്പോല്‍, രാജേഷ് ശര്‍മ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്.

സിനിമയില്‍ പി.പി. അജേഷായി ബേസില്‍ ജോസഫ് എത്തിയപ്പോള്‍ മരിയാനോ എന്ന കഥാപാത്രത്തെയാണ് സജിന്‍ ഗോപു അവതരിപ്പിച്ചത്. മുമ്പുള്ള സിനിമകളില്‍ ഏറെ ചിരിപ്പിച്ച സജിന്‍ ഒരു നെഗറ്റീവ് റോളിലാണ് പൊന്‍മാനില്‍ എത്തിയത്. ഇപ്പോള്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍, ഈ സിനിമ കണ്ടതിന് ശേഷമുള്ള ചില പ്രതികരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സജിന്‍ ഗോപു.

പൊന്‍മാന്‍ സിനിമ കണ്ട് ഇറങ്ങിയ ഒരു ചേച്ചിയുടെ വീഡിയോ ഞാന്‍ കണ്ടിരുന്നു. എന്നെ കിട്ടികഴിഞ്ഞാല്‍ വെട്ടിക്കൊല്ലും എന്നാണ് ആ ചേച്ചി വീഡിയോയില്‍ പറയുന്നത്. തിയേറ്ററില്‍ നിന്ന് ഇറങ്ങിയ സമയത്ത് ആരോ സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോഴാണ് ചേച്ചി ഇങ്ങനെ പറഞ്ഞത്.

ആ പടം വര്‍ക്കായത് കൊണ്ടാണ് ചേച്ചി അങ്ങനെ പറഞ്ഞത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് ആ ചേച്ചി പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയിരുന്നു. എന്റെ അമ്മ ഉള്‍പ്പെടെ ആ സിനിമയെ കുറിച്ചും ഞാന്‍ ചെയ്ത കഥാപാത്രത്തെ കുറിച്ചും പറഞ്ഞു.

ഞങ്ങള്‍ സിനിമയുടെ എഫ്.ഡി.എഫ്.എസ് കാണുമ്പോള്‍ ഞാന്‍ അമ്മയുടെ സീറ്റിനടുത്തായിരുന്നില്ല ഇരുന്നത്. ഒരു സീറ്റിനപ്പുറത്തായിരുന്നു ഇരുന്നത്. പടം കഴിഞ്ഞതും ‘നീ അടുത്തെങ്ങാനും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കരണക്കുറ്റിക്ക് ഒന്ന് തന്നേനേ’ എന്നായിരുന്നു അമ്മ പറഞ്ഞത്. അമ്മക്ക് ആ പടം അത്രയും കണക്ടായിരുന്നു,’ സജിന്‍ ഗോപു പറഞ്ഞു.

Content Highlight: Sajin Gopu Talks About Ponman Movie