കോണ്‍ഗ്രസ് ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രം അധിവസിക്കുന്ന ഒരു ജീവി; വിജയത്തിന്റെ മറവില്‍ സി.പി.ഐ.എമ്മിനെ ആക്രമിക്കുന്നു: സജി ചെറിയാന്‍
Kerala News
കോണ്‍ഗ്രസ് ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രം അധിവസിക്കുന്ന ഒരു ജീവി; വിജയത്തിന്റെ മറവില്‍ സി.പി.ഐ.എമ്മിനെ ആക്രമിക്കുന്നു: സജി ചെറിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th May 2023, 8:56 pm

തിരുവനന്തപുരം: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവിന്‍ കേരളത്തിലെ സര്‍ക്കാരിനെ ആക്ഷേപിക്കാനും സി.പി.ഐ.എമ്മിനെ അക്രമിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍.

നിലവില്‍ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ള ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജ്യം മുഴുവന്‍ പിടിച്ചെടുക്കാനുള്ള കരുത്തോ ശക്തിയോ അവര്‍ക്കില്ലെന്നും അവരുടെ ദൗര്‍ബല്യം അവര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രം അധിവസിക്കുന്ന ഒരു ജീവിയാണ് കോണ്‍ഗ്രസ്. രാജ്യം മുഴുവന്‍ പിടിച്ചെടുക്കാനുള്ള കരുത്തോ ശക്തിയോ അവര്‍ക്കില്ല. അവരുടെ ദൗര്‍ബല്യം അവര്‍ മനസിലാക്കണം. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് വല്ലാത്തൊരു ഹാലിളക്കം ഉണ്ടായിട്ടുണ്ട്.

അതിന്റെ ഭാഗമായി സി.പി.ഐ.എമ്മിന് നേരെ അനാവശ്യമായ കടന്നാക്രമണങ്ങളും തെറ്റായ വാദഗതികളും കോണ്‍ഗ്രസ് ഉന്നയിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബി.ജെ.പിക്ക് അവരുടെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണ് കര്‍ണാടകയില്‍ സംഭവിച്ചിട്ടുള്ളത്. പക്ഷേ കോണ്‍ഗ്രസ് അതിന് ഒട്ടും പിറകിലല്ല എന്നുള്ളതാണ് പിന്നീടുണ്ടായ അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ കാണിക്കുന്നത്.

ഇന്ത്യയില്‍ ഇന്ന് കോണ്‍ഗ്രസ് പ്രാദേശിക അടിസ്ഥാനത്തില്‍ തന്നെ നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ്. ദക്ഷിണേന്ത്യയില്‍ അവര്‍ക്ക് കരുത്തുണ്ടെന്ന് പറയുന്നത് കര്‍ണാടകയില്‍ മാത്രമാണ്. ഉത്തരേന്ത്യയിലെ ഭൂരിപക്ഷ സംസ്ഥാനങ്ങളിലും കാര്യമായ കരുത്തൊന്നും അവര്‍ക്കില്ല. വെറും രണ്ടോ നാലോ സംസ്ഥാനങ്ങളില്‍ മാത്രമാണുള്ളത്,’സജി ചെറിയാന്‍ പറഞ്ഞു.

ബി.ജെ.പിയെ തെരഞ്ഞെടുപ്പിലൂടെ പുറത്താക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തേണ്ട രാഷ്ട്രീയ നിലപാടാണ് സി.പി.ഐ.എം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘സി.പി.ഐ.എം കൃത്യമായി ഞങ്ങളുടെ നയം വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിക്കൊണ്ട് ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയുന്ന നിലപാടുകളാണ് സ്വീകരിക്കേണ്ടത്.

നമ്മുടെ രാജ്യത്ത് മതേതരത്വത്തിലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്ന ജനാധിപത്യ പാര്‍ട്ടികളെ പ്രാദേശികമായി ഉപയോഗപ്പെടുത്തണം,’ സജി ചെറിയാന്‍ പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ അഴിമതിക്കെതിരായുള്ള ജനങ്ങളുടെ വികാരമാണ് പുറത്ത് വന്നതെന്നും കോണ്‍ഗ്രസിന്റെ മാത്രം ഒരു ഗുണം കൊണ്ട് കിട്ടിയതാണെന്ന് വിചാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ണാടക തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ അഴിമതിക്കെതിരായുള്ള ജനങ്ങളുടെ വികാരമാണ് പുറത്ത് വന്നത്. അല്ലാതെ കോണ്‍ഗ്രസിന്റെ മാത്രം ഒരു ഗുണം കൊണ്ട് കിട്ടിയതാണെന്ന് വിചാരിക്കരുത്. എല്ലാത്തിനും കമ്മീഷന്‍ വാങ്ങിയ ഒരു ഗവണ്‍മെന്റിനെ ജനങ്ങള്‍ അടിച്ച് പുറത്താക്കി.

 

ആ തോല്‍വി ഇന്ത്യയിലെ മതേതര വാദികള്‍ക്ക് കുറച്ച് ശക്തി പകരുന്നു. ആവേശം പകരുന്നു, അതിലൊരു തര്‍ക്കവുമില്ല. പക്ഷേ അതിന്റെ മറവില്‍ ഇടതു പക്ഷത്തെ ആക്രമിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് എന്ന് കൂടി ഇവിടെ ഞാന്‍ പറയാനാഗ്രഹിക്കുന്നു,’ സജി ചെറിയാന്‍ പറഞ്ഞു.

Content Highlight:  Saji Cherian says that the Congress is trying to attack the Kerala government and attack the CPI(M) by hiding the election victory in Karnataka