ഒഡെന്‍സ്: ഡെന്മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിന്. മൂന്നാം സീഡ് സൈന ഫൈനലില്‍ 21-17, 21-8 ന് ജര്‍മനിയുടെ ആറാം സീഡ് ജൂലിയന്‍ ഷെങ്കിനെ കീഴടക്കി. ഈ വര്‍ഷം സൈന നേടുന്ന നാലാം കിരീടമാണ്.[]
ഫൈനല്‍ മത്സരം അനായാസമായി നേരിട്ട സൈന മിനിറ്റിനകം തന്നെ വിജയം കാണുകയായിരുന്നു. ജേതാവായതോടെ പ്രൈസ്മണിയായി 30,000 അമേരിക്കന്‍ ഡോളറാണ് സൈന സ്വന്തമാക്കിയത്.
ചൈനയുടെ ലോക ഒന്നാംനമ്പര്‍ താരം യിഹാന്‍ വാങ്ങിനെ സെമിയില്‍ കീഴടക്കിയാണ് സൈന ഫൈനലില്‍ ഇടമുറപ്പിച്ചത്. ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തനിക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ ഡാനിഷ്, ഇന്ത്യന്‍ ആരാധകരോട് ഏറെ നന്ദിയുണ്ടെന്നും ഫൈനലിനുശേഷം സൈന പറഞ്ഞു.
ഒളിമ്പിക്‌സ് വെങ്കല നേട്ടത്തിനുശേഷം ശേഷം സൈന കളിച്ച ആദ്യ ടൂര്‍ണമെന്റും ഇതാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ സ്വിസ് ഓപ്പണ്‍ നേടിയ സൈന ജൂണില്‍ തായ്‌ലന്റ് ഗ്രാന്‍പ്രിയും പിന്നാലെ ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസും ജയിച്ചിരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണില്‍ സൈനയുടെ മൂന്നാം കിരീടമായിരുന്നു അത്.
ഫൈനല്‍ വേദിയില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റായ അലാറം മുഴങ്ങിയതോടെ നിശ്ചയിച്ചതിലും അല്‍പം വൈകിയാണ് സൈന-ഷെന്‍ക് മത്സരം തുടങ്ങിയത്. കളിയുടെ തുടക്കത്തില്‍തന്നെ തന്റെ ട്രേഡ് മാര്‍ക്കായ ക്രോസ്‌കോര്‍ട്ട് സ്മാഷുകളിലൂടെ തുടരെ നാലുപോയന്റിന്റെ മുന്‍തൂക്കം സൈന നേടി.
രണ്ടാം ഗെയിമില്‍ ബേസ് ലൈന്‍ ഗെയിം മെച്ചപ്പെടുത്തി ഷെന്‍ക് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 11-7ന് സൈന ലീഡ് നേടി. എന്നാല്‍, തുടര്‍ന്നങ്ങോട്ട് എതിരാളിയെ നിഷ്പ്രഭമാക്കി കുതിച്ച സൈന അനായാസം ഗെയിം സ്വന്തമാക്കുകകയായിരുന്നു.