Sports News
അവനെക്കുറിച്ച് ഞാന്‍ നല്ലതും പറഞ്ഞിട്ടുണ്ട്, ഇപ്പോള്‍ ജീവന് പോലും ഭീഷണി; ഇന്ത്യന്‍ താരത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സൈമണ്‍ ഡൂള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 30, 02:14 pm
Thursday, 30th May 2024, 7:44 pm

ഐ.പി.എല്ലില്‍ ബെംഗളൂരുവിന്റെ സ്വന്തം വിരാട് കോഹ്‌ലി തുടക്കത്തില്‍ മോശം പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്ന് ഇതിഹാസ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍ വിമര്‍ശനവുമായി വന്നിരുന്നു. എന്നാല്‍ ടി-20യിലെ വിരാടിന്റെ സ്‌ട്രൈക്ക് റേറ്റ് ചോദ്യം ചെയ്തതിന് തനിക്ക് വധഭീഷണി നേരിട്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൈമണ്‍ ഡൂള്‍.

നിലവില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്‌ലി. എന്നിരുന്നാലും അദ്ദേഹത്തിന്റെ ആരാധകര്‍ പലപ്പോഴും മുന്‍ കളിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

‘കോഹ്‌ലി നല്ല താരമാണെന്നാണ് ഞാന്‍ എപ്പോഴും പറയാറുള്ളത്. പുറത്താവുമെന്ന ഭയമില്ലാതെ കോഹ്‌ലിക്ക് കളിക്കാന്‍ ഇപ്പോഴും സാധിക്കും. അദ്ദേഹത്തെ പറ്റി ഒരുപാട് നല്ലകാര്യങ്ങള്‍ ഞാന്‍ ഇതിന് മുന്‍പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാന്‍ പറഞ്ഞ ചെറിയ ഒരു വിമര്‍ശനം മാത്രമാണ് ആളുകള്‍ കണ്ടത്. അതിന്റെ പേരില്‍ ജീവന് ഭീഷണി പോലും നേരിട്ടു. വിരാടിനെതിരെ ഞാന്‍ ഉന്നയിച്ച വിമര്‍ശനങ്ങളൊന്നും വ്യക്തിപരമായിരുന്നില്ല, അദ്ദേഹവും ഞാനുമായി നല്ല സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ടോസിനിടെയും മത്സരങ്ങള്‍ക്ക് ശേഷവും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല,’

ഐ.പി.എല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കപ്പുയര്‍ത്തിയതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്.

ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്.

 

Content Highlight: Saimon Doull Talking About Virat Kohli