ഹരിഹരന്റെ സവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ‘മയൂഖ’ത്തിലെ നായകനായി മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സൈജു കുറുപ്പ്. പിന്നീട് നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ മലയാളസിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച സൈജു കുറുപ്പ് ‘ഉപചാരപൂര്‍വം ഗുണ്ടജയന്‍’ എന്ന ചിത്രത്തിലൂടെ വീണ്ടും നായകനാവുകയാണ്.
അവസരം ചോദിച്ച് തന്നെയാണ് സിനിമയില്‍ നിലനില്‍ക്കുന്നതെന്നും ‘1983’, ‘ആട്’, ‘കുറുപ്പ്’ തുടങ്ങിയ ഹിറ്റുകള്‍ തനിക്ക് ചാന്‍സ് ചോദിച്ച് കിട്ടിയതാണെന്നും സൈജു പറയുന്നു. എന്നാല്‍ അവസരം ചോദിച്ച് ലഭിക്കാതെ പോയ സിനിമകളെക്കാള്‍ ഏറെ വിഷമിപ്പിക്കുന്നത് നഷ്ടപ്പെട്ടുപോയ സിനിമകളാണെന്നും സൈജു പറഞ്ഞു. കാന്‍ചാനല്‍മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘അവസരം ചോദിച്ച് ലഭിക്കാതെ പോയ സിനിമകളെക്കാള്‍ ഏറെ വിഷമിപ്പിക്കുന്നത് നഷ്ടപ്പെട്ടുപോയ സിനിമകളാണ്. ‘ചാന്ത് പൊട്ടി’ലെ ഇന്ദ്രജിത്ത് ചെയ്ത വില്ലന്‍ വേഷവും ‘സിറ്റി ഓഫ് ഗോഡി’ല്‍ രാജീവ് പിള്ള ചെയ്ത കഥാപാത്രവും ‘സപ്തമ ശ്രീ തസ്‌കര’യിലെ സുധീര്‍ കരമന ചെയ്ത ലീഫ് വാസുവും, ‘ആര്‍ക്കറിയാം’ സിനിമയില്‍ ഷറഫുദ്ദീന്‍ ചെയ്ത ക്യാരക്ടറും എനിക്കുവേണ്ടി നിശ്ചയിച്ചിരുന്നവയായിരുന്നു.
ഓരോ അരിമണിയിലും അത് കഴിക്കാന്‍ അര്‍ഹതപ്പെട്ട ആളുടെ പേര് എഴുതിയിട്ടുണ്ട് എന്ന് പറയുന്നതുപോലെ, ഡേറ്റിന്റെ ക്ലാഷ് മൂലം എനിക്ക് ആ കഥാപാത്രങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു,’ സൈജു പറഞ്ഞു.
‘ഇപ്പോഴും ഒരുപാട് ഡയറക്ടേഴ്സിന്റെ അടുത്ത് ഞാന്‍ ചാന്‍സ് ചോദിക്കാറുണ്ട്. 1983, ആട്, കുറുപ്പ് തുടങ്ങിയ ഹിറ്റുകള്‍ എനിക്ക് ചാന്‍സ് ചോദിച്ച് കിട്ടിയതാണ്. അവസരം ചോദിക്കുക എന്നത് ഒരു അഭിനേതാവ് എന്ന നിലയില്‍ നിലനില്‍പ്പിന്റെകൂടി ഭാഗമാണ്. അതുകൊണ്ടുതന്നെ അവസരം ചോദിക്കുന്നതില്‍ ഒരു മടിയും തോന്നിയിട്ടില്ല.
ഇനിയും അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരുപാട് തവണ ചോദിച്ചിട്ടും ഇതേവരെ കിട്ടാതെ പോയത് സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമയാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമാണ്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൈജു കുറുപ്പ് നായകനാകുന്ന ഉപചാരപൂര്‍വം ഗുണ്ടജയന്‍ ‘ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുത്..!’ എന്ന ടാഗ് ലൈനോടെയാണ് വരുന്നത്.
അരുണ്‍ വൈഗയാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന് പുറമേ സിജു വില്‍സണ്‍, ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.