Entertainment
ഇപ്രാവശ്യത്തെ വിഷു തൂക്കി ആലപ്പുഴയിലെ പിള്ളേർ, പിന്നിലാക്കിയത് മമ്മൂട്ടി ചിത്രത്തിനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 15, 11:12 am
Tuesday, 15th April 2025, 4:42 pm

വിഷു റിലീസായി മമ്മൂട്ടി ചിത്രമുൾപ്പെടെ 4 സിനിമകളാണ് തിയേറ്ററിൽ എത്തിയത്. മമ്മൂട്ടിയുടെ ബസൂക്ക, നസ്‌ലെൻ്റെ ആലപ്പുഴ ജിംഖാന, ബേസിലിൻ്റെ മരണമാസ്, അജിത്തിൻ്റെ ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകളാണ് വിഷു റിലീസായി എത്തിയത്.

പുതുതായി റിലീസ് ചെയ്യുന്ന സിനിമകളുടെ ടിക്കറ്റുകൾ എത്രത്തോളം വിറ്റഴിഞ്ഞുവെന്ന കണക്കുകൾ പുറത്ത് വരാറുണ്ട്. വിഷു ദിനമായ ഇന്നലെ (തിങ്കൾ) ബുക്ക് മൈ ഷോയിലെ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്.

വിഷു ദിനമായ ഇന്നലെ (തിങ്കൾ) അജിത് കുമാർ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലിക്കാണ് ഏറ്റവും കൂടുതൽ ടിക്കറ്റെടുത്തത്. 1,62,000 ടിക്കറ്റുകളാണ് തലയുടെ ചിത്രത്തിന് വിറ്റുപോയത്.

മലയാളത്തിൽ നസ്‌ലെന്‍ നായകനായ ആലപ്പുഴ ജിംഖാന തന്നെയാണ് ബുക്കിങ്ങിലും കളക്ഷനിലും ഒന്നാമത്. 1,10,000 ആണ് ചിത്രത്തിന് വിഷു ദിനത്തിൽ വിറ്റുപോയത്.

വിഷുവിന് മുമ്പ് വരെ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന മരണമാസ് വിഷുവിന് മൂന്നാം സ്ഥാനത്തേക്ക് എത്തി. 42,000 ടിക്കറ്റുകളാണ് മരണമാസിന് വിറ്റഴിഞ്ഞു പോയത്.

ഏറ്റവും പിന്നിലായി മമ്മൂട്ടിയുടെ ബസൂക്കയാണ്. 33,000 ടിക്കറ്റുകളാണ് ചിത്രത്തിന് വിറ്റുപോയത്.

ഗുഡ് ബാഡ് അ​ഗ്ലി

ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് തൃഷയും അജിത്തും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഗുഡ് ബാഡ് അ​ഗ്ലി. ഇന്ത്യൻ നെറ്റ് കളക്ഷൻ 100 കോടി കടന്നുവെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്‌ച മാത്രം 15 കോടി രൂപ ഇന്ത്യൻ നെറ്റ് കളക്ഷൻ വഴി ലഭിച്ചു. എല്ലാ ഭാഷകളിലുമായി 101.30 കോടി രൂപയാണ് ഇന്ത്യൻ നെറ്റ് കളക്ഷൻ സിനിമ സ്വന്തമാക്കിയത്.

ആലപ്പുഴ ജിംഖാന

പ്രമുഖ ട്രാക്കിങ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 3.40 കോടിയാണ് ചിത്രത്തിന് വിഷു ദിനത്തിൽ ആലപ്പുഴ ജിംഖാനക്ക് ലഭിച്ചത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്‌ലെന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ്, ഫ്രാങ്കോ, ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക് എന്നിവരാണ് മറ്റുകഥാപാത്രങ്ങൾ.

മരണമാസ്

ടോവിനോ തോമസ് നിർമിച്ച് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത മരണമാസിൽ അനിഷ്മ അനിൽകുമാർ, ബേസിൽ ജോസഫ് സുരേഷ് കൃഷ്‍ണ, രാജേഷ് മാധവൻ, സിജു സണ്ണി, എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബസൂക്ക

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥയും സംവിധാനവും ചെയ്ത് മമ്മൂട്ടി നായകനായ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോൻ അഭിനയിച്ചിട്ടുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റുകഥാപാത്രങ്ങൾ.

 

Content Highlight: Book My Show’s Movie Ticket Sales on Vishu Day, First Movie is Alappuzha Gymkhana