നിവിന്‍ പോളി, സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന സാറ്റര്‍ഡേ നൈറ്റ് നവംബര്‍ നാലിന് റിലീസ് ചെയ്യുകയാണ്. നിവിനും സിജുവിനും അജുവിനുമൊപ്പം കൂടിയപ്പോള്‍ തനിക്ക് വന്ന മാറ്റങ്ങളെ പറ്റി പറയുകയാണ് സൈജു കുറുപ്പ്. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് നാല്‍വര്‍ സംഘം സെറ്റിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
‘വ്യക്തികള്‍ യഥാര്‍ഥത്തില്‍ ആരാണ്, എങ്ങനെയാണെന്നെല്ലാം തിരിച്ചറിയുക അവര്‍ ചില ഗ്യാങ്ങിനൊപ്പം ചേരുമ്പോഴാണ്. സിജുവുമായി ഞാന്‍ അഞ്ച് സിനിമകള്‍ ചെയ്തു. എത്രയോ തവണ സംസാരിച്ചിരുന്നിട്ടുണ്ട്, സിനിമാവിശേഷങ്ങള്‍ പറഞ്ഞുനടന്നിട്ടുണ്ട്, ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്.
പക്ഷേ, സിജു ആളുകളെ ഇത്ര ഭംഗിയായി ട്രോളുമെന്നും കളിയാക്കി തേച്ചൊട്ടിക്കുമെന്നെല്ലാം മനസ്സിലാക്കിയത് നിവിനൊപ്പമുള്ള സെറ്റിലെത്തിയപ്പോഴാണ്. നിവിനും സിജുവും നിക്കറിട്ട കാലം മുതലുള്ള സുഹൃത്തുക്കളാണ്. നിവിനൊപ്പം ചേര്‍ന്നതോടെ സിജു വേറൊരാളായി മാറി.
നിവിനും സിജുവിനും, ബെംഗളൂരുവിലും മൈസൂരും സ്വന്തം വീടുപോലെയാണ്. അവര്‍ ഇറങ്ങിക്കളിച്ച സ്ഥലമാണ്. പുതിയ സിനിമയുടെ ഷൂട്ടിങ് പഴയ തട്ടകത്തിലായപ്പോള്‍ ഇരുവരും കൂടുതല്‍ ഉഷാറായി. ഒരു ബാക്ക് ടു ഹോം ഫീല്‍.
നഗരത്തിലെ ചെറിയ ഊടുവഴികള്‍ പോലും ഇവന്മാര്‍ക്ക് കാണാപ്പാഠമാണ്. മൈലാരി ദോശ, ഹനുമന്തു ബിരിയാണി, പെലിക്കനിലെ പോര്‍ക്ക്… അങ്ങനെ മൈസൂരിലെ ലോക്കല്‍ ഫുഡുകള്‍ ഒരുപാട് പരിചയപ്പെടാനായി,’ സൈജു കുറുപ്പ് പറഞ്ഞു.
ഫുഡ് എത്ര നന്നായിട്ടും കാര്യമില്ല. ഏഴുമണിക്കുശേഷം സൈജുചേട്ടന്‍ ഒന്നും കഴിക്കില്ല. അങ്ങനെയൊരു വിചിത്രമായ ആചാരമുണ്ട് മൂപ്പര്‍ക്കെന്നായിരുന്നു ഇതുകേട്ട് അജുവിന്റെ പ്രതികരണം.