ആരിത് ധോണിയോ?; ചെന്നൈ താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ കെ.കെ.ആര്‍ വിക്കറ്റ് കീപ്പറെ ധോണിയോടുപമിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
IPL
ആരിത് ധോണിയോ?; ചെന്നൈ താരത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കിയ കെ.കെ.ആര്‍ വിക്കറ്റ് കീപ്പറെ ധോണിയോടുപമിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 26th March 2022, 10:07 pm

ഐ.പി.എല്‍ പതിനഞ്ചാം സീസണിന്റെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടുമ്പോള്‍ കെ.കെ.ആര്‍ വിക്കറ്റ് കീപ്പറെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സണെയാണ് സച്ചിന്‍ പുകഴ്ത്തിയിരിക്കുന്നത്. രഞ്ജിയില്‍ സൗരാഷ്ട്രയുടെ താരമാണ് ഷെല്‍ഡന്‍ ജാക്‌സണ്‍.

വിക്കറ്റിന് പിന്നില്‍ മിന്നല്‍ വേഗത്തില്‍ ചെന്നൈ താരം റോബിന്‍ ഉത്തപ്പയെ പുറത്താക്കിയതിന് പിന്നാലെയാണ് സച്ചിന്‍ ജാക്‌സണെ അഭിനന്ദിച്ച് രംഗത്തെത്തിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയോട് ഉപമിച്ചായിരുന്നു താരം ജാക്‌സണെ അഭിനന്ദിച്ചത്.

‘അത് ഒന്നാം തരം സ്റ്റംപിംഗായിരുന്നു. ഷെല്‍ഡണ്‍ ജാക്‌സണിന്റെ സ്പീഡ് കാണുമ്പോള്‍ എനിക്ക് ധോണിയെ ആണ് ഓര്‍മ വരുന്നത്,’ സച്ചിന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ചെന്നൈ ബാറ്റിംഗിനിറങ്ങുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാരൊക്കെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയപ്പോള്‍ കെട്ടുപോകാത്ത കനലുമായി ധോണി വീണ്ടും ടീമിന്റെ രക്ഷകനാവുകയായിരുന്നു.

38 പന്തില്‍ അന്‍പതടിച്ചാണ് ധോണി തന്റെ വിശ്വരൂപം ഒരിക്കല്‍ക്കൂടി പ്രകടമാക്കിയത്.

21 പന്തില്‍ 28 റണ്‍സടിച്ച റോബിന്‍ ഉത്തപ്പ ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും അധികനേരം തുടര്‍ന്നില്ല. ധോണിയുടെ ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ 131 എന്ന ഭേദപ്പെട്ട സ്‌കോര്‍ ചെന്നൈ പടുത്തുയര്‍ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 6 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 43 റണ്‍സെടുത്തിട്ടുണ്ട്.

രണ്ട് ടീമും പുതിയ നായകന്‍മാരുടെ കീഴിലാണ് കളിക്കാനിറങ്ങിയിരിക്കുന്നത് എന്നതാണ് മത്സരത്തിന്റെ മറ്റൊരു പ്രത്യേകത. ധോണിയില്‍ നിന്നും നായകസ്ഥാനമേറ്റടുത്ത രവീന്ദ്ര ജഡേജയും ഓയിന്‍ മോര്‍ഗന് പിന്നാലെ കെ.കെ.ആര്‍ നായകനായ ശ്രേയസ് അയ്യരുമാണ് ടീമുകളെ നയിക്കുന്നത്.

ടീം ലൈനപ്പ്

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഋതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുെബ, എം.എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മിച്ചല്‍ സാന്റ്നര്‍, ആഡം മില്‍നെ, തുഷാര്‍ ദേഷ്പാണ്ഡെ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, സാം ബില്ലിംഗ്സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷെല്‍ഡണ്‍ ജാക്സണ്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: Sachin Tendulkar compares KKR Wicket Keeper Sheldon Jackson to MS Dhoni.