'ഇതിഹാസം എന്ന വാക്ക് നീതിയാകില്ല'; സച്ചിന്‍ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍
Cricket
'ഇതിഹാസം എന്ന വാക്ക് നീതിയാകില്ല'; സച്ചിന്‍ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th July 2019, 10:29 am

ലോര്‍ഡ്‌സ്: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി. ഐ.സി.സിയുടെ ബഹുമതി നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍.


സച്ചിനൊപ്പം ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് താരം അലന്‍ ഡൊണാള്‍ഡും രണ്ട് തവണ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ വനിതാ ടീം അംഗമായ കാതറിന്‍ ഫിറ്റ്‌സ്പാട്രിക്കും പട്ടികയില്‍ ഇടം നേടി.

സച്ചിനെ ഇതിഹാസം എന്ന വാക്ക് കൊണ്ട് മാത്രം അടയാളപ്പെടുത്തുന്നത് നീതിയാകില്ലെന്ന് അദ്ദേഹത്തിന്റെ റെക്കോഡുകള്‍ ഓര്‍മ്മപ്പെടുത്തി ഐ.സി.സി ട്വിറ്ററില്‍ കുറിച്ചു. അതേസമയം ബഹുമതി തനിക്ക് ലഭിച്ച ആദരമാണെന്ന് സച്ചിന്‍ പ്രതികരിച്ചു.

ബിഷന്‍സിംഗ് ബേദി (2009), സുനില്‍ ഗാവസ്‌കര്‍ (2009), കപില്‍ ദേവ് (2009) ,അനില്‍ കുംബ്ലെ (2015), രാഹുല്‍ ദ്രാവിഡ് (2018) എന്നിവരാണ് സച്ചിന് മുമ്പ് ഐ.സി.സി ഹാള്‍ ഓഫ് ഫെയിം ബഹുമതി നേടിയത്.

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രമുഖസ്ഥാനം വഹിച്ചിട്ടുള്ള പ്രതിഭകളെ ആദരിക്കുന്നതിനാണ് ഐ.സി.സി. ഹാള്‍ ഓഫ് ഫെയിം ബഹുമതി നല്‍കുന്നത്.

ക്രിക്കറ്റില്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനോട് തുല്യമായാണ് സച്ചിനെ വിശേഷപ്പിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ച്വറിയും സച്ചിന്റെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറി, ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി, ലോകകപ്പിലെ ഏറ്റവും കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി ക്രിക്കറ്റിലെ ഒരു വിധ റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്.

വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ് ഫിറ്റ്‌സ്പാട്രിക്ക്. ഏകദിനത്തില്‍ 180 ഉം ടെസ്റ്റില്‍ 60 ഉം വിക്കറ്റുമാണ് പാട്രിക്ക് നേടിയത്. പാട്രിക്കിന്റെ പരിശീലനത്തിന് കീഴില്‍ ഓസ്‌ട്രേലിയ മൂന്ന് തവണ കിരീടം നേടിയിട്ടുണ്ട്.

2003 ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അലന്‍ ഡൊണാള്‍ഡ് ടെസ്റ്റില്‍ 330 വിക്കറ്റും ഏകദിനത്തില്‍ 272 വിക്കറ്റും നേടിയിട്ടുണ്ട്.

WATCH THIS VIDEO: