Sports News
സഞ്ജുവില്ല, രഞ്ജിയില്‍ കേരളത്തെ നയിക്കാന്‍ സച്ചിന്‍ ബേബി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 20, 03:49 pm
Monday, 20th January 2025, 9:19 pm

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുക. മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിന് വേണ്ടിയുള്ള ടീമാണ് നിലവില്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ ബേബി കാഴ്ചവെച്ചത്. ഇത് താരത്തെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിക്കാനും സഹയിച്ചു.

അതേസമയം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ കേരളത്തിന് വേണ്ടി രഞ്ജിയില്‍ കളിക്കില്ല. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയുടെ ഭാഗമായതിനാലാണ് സഞ്ജു രഞ്ജിയില്‍ കളിക്കാത്തത്.

രോഹന്‍ എസ്. കുന്നുമ്മല്‍, വിഷ്ണു വിനോദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദീന്‍, സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, നിധീഷ് എം.ടി, ബേസില്‍ എന്‍.പി, ഷറഫുദീന്‍ എന്‍.എം, ശ്രീഹരി എസ്. നായര്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയിരിക്കുന്ന മറ്റ് താരങ്ങള്‍.

ഇന്ത്യയുടെ ചമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷനും സഞ്ജുവും തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്.

സഞ്ജു വിജയ് ഹസാരെയില്‍ കളിക്കാന്‍ നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു, എന്നാല്‍ ക്യാമ്പില്‍ പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് മെയില്‍ വഴി അറിയിച്ചിട്ടും സഞ്ജുവിനെ കെ.സി.എ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.

വിജയ് ഹസാരെയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന്റെ പേരും കാണാന്‍ സാധിക്കുമായിരുന്നു.

ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വെച്ചാണ് രഞ്ജിയില്‍ കേരളത്തിന്റെ ആദ്യ മത്സരം നടക്കുക.

Content Highlight: Sachin Baby Is Captain Of Ranji Trophy of Kerala, Sanju Is Not Available