പിറന്നത് പുതുചരിത്രം; പതിനായിരത്തിന്റെ പൊന്‍ തിളക്കത്തില്‍ കേരളത്തിന്റെ സച്ചിന്‍
Sports News
പിറന്നത് പുതുചരിത്രം; പതിനായിരത്തിന്റെ പൊന്‍ തിളക്കത്തില്‍ കേരളത്തിന്റെ സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2024, 2:07 pm

ആഭ്യന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന മാജിക് നമ്പര്‍ പിന്നിട്ട് സച്ചിന്‍ ബേബി. രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തിന് പിന്നാലെയാണ് സച്ചിനെ തേടി ഈ നേട്ടമെത്തിയത്. നിലവില്‍ 10,134 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്.

ഫസ്റ്റ് ക്ലാസ് കരിയറിലെ 88 മത്സരത്തിലെ 140 ഇന്നിങ്‌സില്‍ നിന്നും 38.92 ശരാശരിയിലും 46.65 എന്ന സ്‌ട്രൈക്ക് റേറ്റിലും 4,943 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ആഭ്യന്തര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 12 സെഞ്ച്വറി പൂര്‍ത്തിയാക്കിയ സച്ചിന്‍ ബേബി 23 അര്‍ധ സെഞ്ച്വറികളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.

ലിസ്റ്റ് എ-യിലെ 95 ഇന്നിങ്‌സില്‍ നിന്നും 3,266 റണ്‍സാണ് സച്ചിന്‍ നേടിയത്. 40.32 എന്ന ശരാശരിയിലും 79.73 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം റണ്ണടിച്ചുകൂട്ടുന്നത്. നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും ലിസ്റ്റ് എയില്‍ സച്ചിന്‍ ബേബി സ്വന്തമാക്കിയിട്ടുണ്ട്.

ടി-20യിലേക്ക് വരുമ്പോള്‍ 81 ഇന്നിങ്‌സില്‍ നിന്നും 1,925 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 130.86 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 28.73 എന്ന ആവറേജിലും സ്‌കോര്‍ ചെയ്യുന്ന സച്ചിന്‍ ബേബി 10 അര്‍ധ സെഞ്ച്വറിയും ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

ഛത്തീസ്ഗഡിനെതിരായ അവസാന മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ രണ്ട് തവണയും സെഞ്ച്വറിക്കടുത്തെത്തിയ ശേഷമാണ് താരം പുറത്തായത്.

ഷഹീദ് വീര്‍ നാരായണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 180 പന്തില്‍ 91 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 128 പന്തില്‍ നിന്നും 94 റണ്‍സാണ് സച്ചിന്‍ ടീം ടോട്ടലിലേക്ക് ചേര്‍ത്തത്.

രഞ്ജി ട്രോഫിയിലെ ഈ സീസണില്‍ അഞ്ച് മത്സരത്തിലെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 67.75 എന്ന മികച്ച ശരാശരിയിലും 62.65 എന്ന സ്‌ട്രൈക്ക് റേറ്റിലും 542 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമാണ് സച്ചിന്റെ പേരില്‍ കുറിക്കപ്പെട്ടിട്ടുള്ളത്.

അതേസമയം, രഞ്ജിയില്‍ കേരളത്തിന്റെ അടുത്ത മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് ബാറ്റിങ് നിരയിലെ കരുത്തന്‍. ഫെബ്രുവരി ഒമ്പതിനാണ് കേരളത്തിന്റെ അടുത്ത മത്സരം. തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ ബംഗാളാണ് എതിരാളികള്‍.

 

 

Content Highlight: Sachin Baby completed 10,000 runs in domestic format