കണ്ണൂര്‍ സക്വാഡിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ തന്റെ വളര്‍ത്തു പൂച്ചകള്‍ പോലും തന്നെ തിരിച്ചറിഞ്ഞില്ല എന്ന് പറയുകയാണ് നടന്‍ ശബരീഷ് വര്‍മ. സുഹൃത്തുക്കളെയും വീട്ടുകാരെയും കണാതെ കണ്ണൂര്‍ സക്വാഡിന്റെ കൂടെയാണ് നടന്നതെന്നും ശബരീഷ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ശബരീഷ് ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
‘സുഹൃത്തുക്കളെ കണ്ടിട്ട് കുറച്ചധികം കാലമായി. കണ്ണൂര്‍ സക്വാഡില്‍ കയറിയതിനുശേഷം ഭാര്യയെ പോയിട്ട് അമ്മയെ പോലും കണ്ടിട്ടില്ല. കൂടുതലും സ്‌ക്വാഡിന്റെ കൂടെയാണ്. പത്ത് തൊണ്ണൂറ് ദിവസം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ എന്റെ പൂച്ചകള്‍ വരെ എന്നെ തിരിച്ചറിഞ്ഞില്ല.
മാത്രമല്ല സിനിമയിലെ സുഹൃത്തുക്കളെ കണ്ടിട്ടും കാലം കുറെയായി. എല്ലാവരുമായി ഫോണിലൂടെയുള്ള ബന്ധം ഇപ്പോഴും അങ്ങനെ തന്നെയുണ്ട്. അല്‍ഫോണ്‍സിനെ ഗോള്‍ഡിനു ശേഷം കണ്ടിട്ടില്ല. മുങ്ങിയതിന് ശേഷം പിന്നെ കണ്ടിട്ടില്ല. അവന്‍ എവിടെയാണോ ആവോ. ചെന്നൈയിലാണെന്ന് തോന്നുന്നു. ചെന്നൈയില്‍ തന്നെയുണ്ട്.
കിച്ചു(കൃഷ്ണ ശങ്കര്‍) കണ്ണൂര്‍ സ്‌ക്വാഡ് ആദ്യത്തെ ഷോ തന്നെ പോയി കണ്ട് എന്നെ വിളിച്ചിരുന്നു. ഷറഫുദീനും പോയി കണ്ടിരുന്നു. സിജു വില്‍സണ്‍ നാട്ടില്‍ ഇല്ലായിരുന്നു. വന്നതിനുശേഷം ഒരുമിച്ചു പോകാം എന്ന് പറഞ്ഞ് എല്ലാവര്‍ക്കും ടിക്കറ്റ് എടുത്തു. പക്ഷേ അതിനിടയില്‍ ഒരാള്‍ കൂടുതല്‍ വന്നപ്പോള്‍ എന്റെ ടിക്കറ്റ് അവര്‍ക്ക് കൊടുത്ത് ഞാന്‍ ഇങ്ങോട്ടു വന്നു. അവര്‍ക്കെല്ലാം സിനിമ വര്‍ക്കായി. ഗംഭീരമായെന്ന് കിച്ചു വിളിച്ചു പറഞ്ഞു. ഇമോഷന്‍സ് സീക്വന്‍സെല്ലാം നന്നായി എന്ന് പറഞ്ഞു.
കണ്ണൂര്‍ സക്വാഡിലെ ഷാഫിയെ പഠിച്ചെടുത്ത് പോക്കറ്റിലാക്കിവെച്ചിട്ടുണ്ട്. ഇനി കണ്ണൂര്‍ സ്‌ക്വാഡ് 2 വരുമ്പോള്‍ പുറത്തെടുക്കാം. അതിനുള്ള തീരുമാനം എടുക്കേണ്ടത് റോബിയാണ്. തീര്‍ച്ചയായും റോബിക്ക് കണ്‍വിന്‍സിങ്ങായിട്ടുള്ള ഒരു കേസ് കിട്ടികയാണെങ്കില്‍ ഷാഫിയെ പുറത്തെടുകേണ്ടി വരും,’ ശബരീഷ് പറഞ്ഞു.
Content Highlight: Sabareesh Varma talks about Alpjonse Puthren