ജെറാള്‍ഡ് കോട്‌സിയാണ് മത്സരത്തിന്റെ ശ്രദ്ധാ കേന്ദ്രം. 2023 ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയുടെ ഹീറോയായ കോട്‌സി ജോബെര്‍ഗിന് വേണ്ടിയാണ് പന്തെറിയുന്നത്. ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കായി ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞതും കോട്‌സി തന്നെയാണ്.
എട്ട് മത്സരത്തില്‍ നിന്നും 63.3 ഓവര്‍ പന്തെറിഞ്ഞ് 20 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 19.80 ശരാശരിയിലും 19.05 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന കോട്‌സിയുടെ ലോകകപ്പിലെ എക്കോണമി 6.23 ആയിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും കോട്‌സി തിളങ്ങിയിരുന്നു. ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലും റെഡ് ബോള്‍ ഫോര്‍മാറ്റിലും താരം മികച്ച പ്രകടനം നടത്തിയിരുന്നു.
ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ.പി.എല്‍ ലേലത്തില്‍ ജെറാള്‍ഡ് കോട്‌സിക്കായി കനത്ത ബിഡ്ഡിങ് തന്നെയാണ് നടന്നത്. മിക്ക ടീമുകളും താരത്തിനായി രംഗത്തെത്തിയപ്പോള്‍ അഞ്ച് കോടി മുടക്കിയാണ് ദില്‍ സേ ആര്‍മി പ്രോട്ടിയാസ് പേസറെ തങ്ങളുടെ പടകുടീരത്തിലെത്തിച്ചത്.
ജനുവരി 13നാണ് കോട്‌സിയും മുംബൈ ഇന്ത്യന്‍സിന്റെ കൗണ്ടര്‍പാര്‍ട്ടായ എം.ഐ കേപ് ടൗണും നേര്‍ക്കുനേര്‍ വരുന്നത്. ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയമാണ് വേദി.