തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് തുടരും. മോഹൻലാൽ, ശോഭന എന്നിവർ പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് കെ. ആർ സുനിൽ, തരുൺ മൂർത്തി എന്നിവരാണ്. എം. രഞ്ജിത്താണ് നിർമാണം.ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
15 വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് തുടരും എന്ന ചിത്രത്തിന്. അതുകൊണ്ട് തന്നെ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ചിത്രത്തിൽ ഷൺമുഖം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി.
തുടരും ഒരു ഫീൽ ഗുഡ് സിനിമ അല്ലെന്നും എല്ലാവരും ആ സിനിമയെ ഫീൽ ഗുഡാണ് എന്നൊക്കെ പറയുന്നുണ്ടെന്നും തരുൺ പറയുന്നു. പക്ഷെ താൻ ആ സിനിമയെ ഉൾക്കൊണ്ടതും ഡയറക്ട് ചെയ്തതും ഒരു ഫാമിലി ഡ്രാമ എന്നുള്ള രീതിയിലാണെന്നും തരുൺ പറഞ്ഞു.
ശോഭനയെ കാസ്റ്റ് ചെയ്തത് ഒരുപാടു വട്ടം ആലോചിച്ചെടുത്ത തീരുമാനമാണെന്നും ശോഭനയുടെ കാസ്റ്റിങ് ആ സിനിമയ്ക്ക് നല്ലതുതന്നെയല്ലേയെന്നും ശോഭനയ്ക്ക് ആ ക്യാരക്ടർ ഹോൾഡ് ചെയ്യാൻ പറ്റില്ലേയെന്നും ഒരുപാട് ചർച്ചകൾ ചെയ്തിട്ടുണ്ടെന്നും തരുൺ പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.
‘തുടരും ഒരു ഫീൽ ഗുഡ് സിനിമ അല്ല. എല്ലാവരും ആ സിനിമയെ ഫീൽ ഗുഡാണ് എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ഞാൻ അതിനെ ഉൾക്കൊണ്ടതും ഞാൻ അതിനെ ഡയറക്ട് ചെയ്തതുമൊക്കെ ഒരു ഫാമിലി ഡ്രാമ എന്നുള്ള രീതിയിലാണ്. ശോഭനയെ കാസ്റ്റ് ചെയ്യേണ്ട കാര്യം ഒരുപാടു വട്ടം ആലോചിച്ചെടുത്ത തീരുമാനമാണ്. അത് സിനിമയ്ക്ക് നല്ലതുതന്നെയല്ലെ, ആ ക്യാരക്ടർ ശോഭനയ്ക്ക് ഹോൾഡ് ചെയ്യാൻ പറ്റില്ലേയെന്ന തരത്തിലുള്ള ചർച്ചകൾ ഒരുപാടു വട്ടം പോയിട്ടുണ്ട്,’ തരുൺ പറയുന്നു.
ബിനു പപ്പു, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. ഷാജി കുമാർ ചിത്രത്തിൻ്റെ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം ചെയ്തിരിക്കുന്നത് ഷഫീഖ് വി.ബി, നിഷാദ് യൂസഫ് എന്നിവരാണ്.
Content Highlight: Tharun Moorthy saying Thudarum is a Family Drama Movie