Entertainment
ആ ചിത്രത്തില്‍ ലാലേട്ടന്റെ മകനായി അഭിനയിക്കാന്‍ വേണ്ടി ഫോട്ടോ അയച്ച് കൊടുത്തിട്ടുണ്ട്: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 03:39 am
Friday, 11th April 2025, 9:09 am

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ സുപരിചിതനായ സംവിധായകനാണ് തരുണ്‍മൂര്‍ത്തി. സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ അടുത്ത ചിത്രമാണ് മോഹന്‍ലാല്‍-ശോഭന കോമ്പിനേഷനില്‍ പുറത്തിറങ്ങുന്ന തുടരും.

സംവിധായകന്‍ ആകുന്നതിന് മുമ്പ് തനിക്ക് അഭിനയത്തോടുണ്ടായിരുന്ന അഭിനിവേശത്തെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

സംവിധാനത്തെ കുറിച്ചൊക്കെ ചിന്തിക്കുന്നതിന് മുമ്പ് അഭിനയിക്കാന്‍ വേണ്ടി നടന്ന ഒരാളാണ് താനെന്നും തന്മാത്രയില്‍ മോഹന്‍ലാലിന്റെ മകനായി അഭിനയിക്കാന്‍ വേണ്ടി തന്റെ ഫോട്ടോ ബ്ലെസിക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടി സംവിധായകരുടെ പുറകെ നടന്നിട്ടുണ്ടെന്നും അഭിനയിക്കണം എന്ന അതിയായ മോഹത്തിന്‍ നിന്നാണ് താന്‍ തിരക്കഥകള്‍ എഴുതി തുടങ്ങുന്നതെന്നും തരുണ്‍ മൂര്‍ത്തി കൂട്ടിചേര്‍ത്തു.

തുടരും സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു 2017 ഒക്കെ ആയപ്പോളാണ് ഞാന്‍ സംവിധാനത്തെ പറ്റി ആലോചിക്കുന്നത്. അതിന് മുമ്പൊക്കെ ഞാന്‍ അഭിനയിക്കാന്‍ വേണ്ടി നടന്ന ഒരുത്തനാണ്. തന്മാത്രയില്‍ ലാലേട്ടന്റെ മോന്‍ ആയിട്ട് അഭിനയിക്കാന്‍ വേണ്ടി ബ്ലെസി സാറിന് വീട്ടിലേക്ക് ഫോട്ടോ അയച്ചുകൊടുത്തിട്ടുണ്ട്. അത് ഞാന്‍ ലാലേട്ടന്റെ അടുത്ത് ഇതുവരെ പറഞ്ഞിട്ടൊന്നും ഇല്ല. എന്നിട്ട് ഞാന്‍ ബ്ലെസി സാറിന്റെ വീട്ടിലേക്ക് നിരന്തരം ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. 2016 വരെയൊക്കെ പല ഷോര്‍ട്ട് ഫിലിമുകളിലൊക്കെ അഭിനയിച്ചു.

സിനിമകളിലൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്യാനായിട്ട് സംവിധായകരെയൊക്കെ പോയി കണ്ട്, അവരുടെ ഫേസ്ബുക്കിലൊക്കെ മെസേജ് അയച്ച് നടന്ന വളരെ പാഷനേറ്റ് ആയിട്ടുള്ളൊരു ആക്ടര്‍ ആയിരുന്നു ഞാന്‍. സ്‌കൂള്‍ നാടകം, അതില്‍ മികച്ച നടന്‍ എന്നൊക്കെയുള്ള അഹങ്കാരത്തിന്റെ പുറത്താണ് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അന്ന് നടന്നത്. അതിനിടയില്‍ അഭിനയിക്കാന്‍ ഉള്ള ആ ആഗ്രഹത്തിനെ കൃത്യമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് തിരക്കഥ എഴുതി തുടങ്ങിയത്,’തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Director Tharun moorthy about his passion towards acting before direction